ahmed-shehzad

ലാഹോര്‍: ജീവിതത്തില്‍ താന്‍ രണ്ടാമത് ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദ്. തന്റെ ഭാര്യയില്‍ തൃപ്തനാണെന്നും അതുകൊണ്ട് തന്നെ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും താരം പറയുന്നു. അവതാരകനായ നാദിര്‍ അലിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഓപ്പണര്‍. ബാല്യകാല സുഹൃത്തായ സന അഹമദിനെയാണ് ഷെഹ്സാദ് വിവാഹം കഴിച്ചത്. 2015-ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

ഇനിയൊരു വിവാഹമില്ല. തങ്ങള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഇനിയൊരു ഭാര്യയെ വേണ്ട. നാലു വിവാഹംവരെയാവാമെന്നറിയാം. പക്ഷേ, താന്‍ ഒരു ഭാര്യയില്‍ത്തന്നെ സന്തോഷവാനാണ്, ഇനിയൊന്ന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പങ്കാളി നല്ലതാണെങ്കില്‍ അവരെ വിലമതിക്കണം. ഒന്നില്‍ക്കൂടുതല്‍ വിവാഹത്തിന് അനുമതിയുണ്ടെന്നുവെച്ചോ അത് ഫാഷനാണെന്നു കരുതിയോ പങ്കാളിയുടെ ഹൃദയം തകര്‍ക്കുന്ന ഒന്നും ചെയ്യരുത്.

എന്നാല്‍ തെറ്റായ വഴിയിലൂടെയാണ് നിങ്ങള്‍ നീങ്ങുന്നതെന്ന തോന്നലുണ്ടെങ്കില്‍ കഴിയുന്നത്ര പെട്ടെന്ന് രണ്ടാം വിവാഹം കഴിക്കണമെന്നും ഷെഹ്സാദ് പങ്കുവെയ്ക്കുന്നു. 2019 ലാണ് 33 കാരനായ താരം അവസാനമായി ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങിയത്. പാകിസ്ഥാന്‍ ടീമില്‍ ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിനേയും മോശം പ്രകടനങ്ങള്‍ ആവര്‍ത്തിക്കുന്നതിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള വീഡിയോകള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മാതൃകയാക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്നും ഷെഹ്‌സാദ് നിരവധി വീഡിയോകളില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.