
തിരുവനന്തപുരം : അടുത്തവർഷമാദ്യം മലേഷ്യയിൽ നടക്കുന്ന അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം ജോഷിത വി.ജെ. മലേഷ്യയിൽ കഴിഞ്ഞവാരം നടന്ന പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗമായിരുന്ന ജോഷിതയെ വനിതാ ഐ.പി.എൽ താരലേലത്തിൽ ആർ.സി.ബി സ്വന്തമാക്കിയിരുന്നു.
കേരള അണ്ടർ 19 ടീം ക്യാപ്ടനായ ജോഷിത ഏഴു വർഷമായി വയനാട് കൃഷ്ണഗിരി വനിതാ ക്രിക്കറ്റ് അക്കാഡമിയിലാണ് പരിശീലിക്കുന്നത്.. മിന്നുമണിക്കും സജന സജീവനും സി.എം.സി. നജ്ലയ്ക്കും പിന്നാലെ കൃഷ്ണഗിരിയിൽനിന്നുള്ള പുത്തൻ താരോദയമാണ് ജോഷിത.കൽപ്പറ്റ സ്വദേശിയായ ജോഷിത കഴിഞ്ഞ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.
ജനുവരി 19 ന് നടക്കുന്ന ആദ്യ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ആണ് ഇന്ത്യയുടെ ആദ്യ എതിരാളി.