d

കൊൽക്കത്ത: ഗവർണർ എഴുതിയ ക്രിസ്മസ് ഗാനങ്ങൾ. അതിനു ചുവടുവച്ച് കുട്ടികൾ.

വിഭവസമൃദ്ധമായ ചായസൽക്കാരം. ബംഗാൾ രാജ്ഭവനിൽ വിപുലമായ ക്രിസ്മസ് ആഘോഷങ്ങൾ നടന്നു.

ഗവർണർ ഡോ. സി.വി. ആനന്ദബോസ് മുൻകൈയെടുത്ത് രാജ്ഭവനിൽ ഒരുക്കിയ ഊഷ്മളമായ ആഘോഷവിരുന്നിൽ ബംഗാളിലും കേരളത്തിലും നിന്നുള്ള പുരോഹിതരും സാമൂഹികസേവകരും വിദ്യാർത്ഥികളും പങ്കെടുത്തു. ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ ക്രിസ്മസ് സന്ദേശം നൽകി.

അംതാല കെ.ഇ. കാർമൽ സ്‌കൂൾ വിദ്യാർത്ഥികളാണ് ഗവർണർ എഴുതിയ കവിതയെ ആസ്പദമാക്കി ക്രിസ്മസ് കരോൾ ഒരുക്കിയത്. സാരംഗബാദ് കാർമൽ സ്‌കൂൾ വിദ്യാർത്ഥികൾ ചുവടുവച്ചു. സാന്താക്ലോസുകൾ രാജ്ഭവൻ അങ്കണത്തിൽ ആർത്തുല്ലസിച്ചു. ആശംസകളും സമ്മാനങ്ങളും കൈമാറി അവർ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്തോഷം പങ്കുവച്ചു.

ബെത്‌ലഹേം, കാൽവരി തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിച്ചതിന്റെ ഹൃദ്യാനുഭവങ്ങൾ പങ്കുവച്ചുള്ള ഗവർണർ ആനന്ദബോസിന്റെ വികാരനിർഭരമായ പ്രസംഗം ആഘോഷവേദിയിൽ വിസ്മയം തീർത്തു. ലേഡി ഗവർണർ ലക്ഷ്മി ആനന്ദബോസും ഉടനീളം പങ്കെടുത്തു.

ഗവർണറായി ചുമതലയേറ്റവർഷം ആനന്ദബോസ് തന്റെ ക്രിസ്മസ് ആഘോഷിച്ചത് ന്യൂഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ആയിരുന്നു. ക്രിസ്മസ്ആഘോഷങ്ങൾക്ക് ആശംസയർപ്പിക്കാൻ പ്രധാനമന്ത്രി അവിടം സന്ദർശിച്ചിരുന്നു.
കഴിഞ്ഞവർഷവും ബംഗാൾ രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ വിപുലമായ ക്രിസ്മസ് ആഘോഷംനടത്തിയിരുന്നു.