
പുതിയതെന്നോ പഴയതെന്നോ വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും വന്നുകയറുന്ന ഒരു പ്രാണിയാണ് വേട്ടാവളിയൻ. വേട്ടാളൻ എന്നും വിളിക്കുന്ന ഇവ കടന്നൽ വർഗത്തിൽപെട്ട ഒരു പ്രാണിയാണ്. മണ്ണും ഉമിനീരുമുപയോഗിച്ച് ഇവയുണ്ടാക്കുന്ന കട്ടി കൂടുകൾ നമ്മൾ പലപ്പോഴും വീട് വൃത്തിയാക്കുമ്പോൾ പൊളിച്ചുകളയാറുണ്ട്. വീടിന്റെ വാതിലിലും ജനലിലും ചിലപ്പോൾ വാഹനങ്ങളിലുമെല്ലാം ഇവ പലപ്പോഴും കൂടുവയ്‌ക്കാറുണ്ട്. കൂട്ടമായി വീടുവയ്‌ക്കാറുള്ള ഇവ കഴിവതും മനുഷ്യനുമായി സംഘർഷത്തിന് നിൽക്കാറില്ല. എന്നാൽ കുത്തേറ്റാൽ നല്ല നീറുന്ന അവസ്ഥ മനുഷ്യന് നൽകും. അപൂർവമായി ഇവയുടെ കടിയേറ്റാൽ അലർജി ഉണ്ടായേക്കാം.
വീട്ടിൽ ഇവയടക്കം പല പ്രാണികളെയും അകറ്റാൻ പറ്റിയ ഒരു വഴി ഇവിടെ പരിചയപ്പെടാം. ത്വക്ക് തിളങ്ങാൻ പൊതുവേ ഉപയോഗിക്കുന്ന റോസ് ഓയിലിലെ ഘടകമായ ജെറേനിയോൽ, ഗ്രാമ്പു, കാശിത്തുമ്പ, പുതിന, നാരങ്ങ, റോസ്‌മേരി എന്നിവ ഉപയോഗിച്ച് വേട്ടാവളിയനെ ഓടിക്കാം. ഒരു സ്‌പ്രേയർ എടുത്ത് ഈ പറഞ്ഞവ യോജിപ്പിച്ച് സോപ്പ് ചേർത്ത് തളിച്ചാൽ പ്രാണിശല്യം അകറ്റാം. നാല് മുതൽ 10 വരെ തുള്ളി ഓയിൽ എടുത്ത് മൂന്ന് തുള്ളി സോപ്പും ചേർത്ത് കൃത്യമായി ഉപയോഗിക്കുക. ഇവയുടെ രൂക്ഷഗന്ധം വേട്ടാവളിയന് താങ്ങാനാകില്ല. കൃത്യമായ പ്രതിരോധ മാർഗം സ്വീകരിച്ച് മാത്രമേ ഇവയുടെ അടുത്തെത്താവൂ.