
ന്യൂഡല്‍ഹി: യാത്രക്കാരെ ഞെട്ടിച്ച് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ, ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ജനുവരി 23നും ഏപ്രില്‍ 30നും ഇടയിലുള്ള യാത്രകള്‍ക്കാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക.
ആഭ്യന്തര യാത്രക്കാര്‍ക്കായി 1,199 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 4,499 രൂപ മുതലാണ് ടിക്കറ്റുകള്‍ ലഭിച്ച് തുടങ്ങുക. ടിക്കറ്റ് നിരക്കില്‍ ഓഫര്‍ പ്രഖ്യാപിച്ചത് കൂടാതെ പ്രീപെയ്ഡ് അധിക ബാഗേജ് ഓപ്ഷനുകള്‍ (15കിലോ, 20കിലോ, 30കിലോ), സ്റ്റാന്‍ഡേര്‍ഡ് സീറ്റ് സെലക്ഷന്‍, എമര്‍ജന്‍സി XL സീറ്റുകള്‍ എന്നിവ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 6ഇ ആഡ്-ഓണുകളില്‍ ഇന്‍ഡിഗോ 15% വരെ സേവിംഗ്‌സും ഓഫര്‍ ചെയ്യുന്നുണ്ട്. ഇവ ആഭ്യന്തര യാത്രക്കാര്‍ക്ക് 599 രൂപ മുതലും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 699 രൂപ മുതലും ലഭ്യമാണ്. ഡിസംബര്‍ 25വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക.
ഇതിന് പുറമെ ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് മറ്റൊരു ഓഫറും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് അധിക നിരക്കിളവുകളും ലഭിക്കും. ആഭ്യന്തര യാത്രയ്ക്ക് 15 ശതമാനവും രാജ്യാന്തര യാത്രയ്ക്ക് 10 ശതമാനവും ടിക്കറ്റ് നിരക്ക് ഇളവ് ലഭിക്കുമെന്നും 2024 ഡിസംബര്‍ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ബാധകമെന്നും എയര്‍ലൈന്‍ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസമാണ് യുഎഇയിലെ വിമാനക്കമ്പനികള്‍ അവധിക്കാല ഓഫറുകള്‍ പ്രഖ്യാപിച്ചത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് 30 ശതമാനം ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്കൊന്നും തന്നെ യുഎഇയിലെ വിമാനക്കമ്പനികള്‍ ഓഫര്‍ പ്രഖ്യാപിച്ചിരുന്നില്ല.