food

ഭക്ഷണ പ്രേമികള്‍ക്ക് വളരെയധികം ഇഷ്ടമുള്ള നാടന്‍ വിഭവങ്ങളില്‍ ഒന്നാണ് നാരങ്ങ അച്ചാര്‍. നല്ല സ്വാദിഷ്ടമായ ഒരു അച്ചാര്‍ കിട്ടിയാല്‍ ഊണ് കഴിക്കാന്‍ മറ്റൊരു കറിയും വേണ്ട. എന്നാല്‍ നാരങ്ങ തോടോടുകൂടി അച്ചാര്‍ തയ്യാറാക്കുമ്പോള്‍ ഉണ്ടായേക്കാന്‍ സാദ്ധ്യതയുള്ള ഒരു പ്രശ്‌നമാണ് അമിതമായി കയ്പ്പ് അനുഭവപ്പെടുകയെന്നത്. പഞ്ചസാര ചേര്‍ക്കുന്നതാണ് പതിവെങ്കിലും അതിന് ഒരു പരിധിയുണ്ട്. എന്നാല്‍ അച്ചാറിലെ കയ്പ്പിന്റെ കാര്യം ഓര്‍ത്ത് ഇനി ടെന്‍ഷന്‍ വേണ്ട.

നിസാരമായ ഒരു പ്രയോഗത്തിലൂടെ കയ്പ്പ് മാറ്റിയെടുക്കാന്‍ കഴിയും. നാരങ്ങ അച്ചാര്‍ തയ്യാറാക്കുമ്പോള്‍ കൃത്യമായ അളവില്‍ വിനാഗിരിക്കും നല്ലെണ്ണയ്ക്കും ഒപ്പം ഈന്തപ്പഴം കൂടി ചേര്‍ത്താല്‍ കയ്പ്പ് അനുഭവപ്പെടില്ല. നാരങ്ങയും ഈന്തപ്പഴവും പ്രത്യേകമെടുത്ത് അച്ചാര്‍ ഉണ്ടാക്കുന്നതിന് പകരം രണ്ടും ഒരുമിച്ച് എടുത്ത ശേഷം അച്ചാര്‍ തയ്യാറാക്കുന്നതാണ് എല്ലായിപ്പോഴും നല്ലത്.

അച്ചാര്‍ തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍: നാരങ്ങ, ഈന്തപ്പഴം, ഉപ്പ്, മുളകുപൊടി, ഉലുവ, കടുക്, നല്ലെണ്ണ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, കായം, വിനാഗിരി.

തയ്യാറാക്കുന്ന വിധം: നാരങ്ങ (അര കിലോ) കഴുകി വൃത്തിയാക്കിയെടുത്ത ശേഷം ആവശ്യത്തിന് ഉപ്പ് രണ്ട് ടീസ്പൂണ്‍ മുളകുപൊടി, അല്‍പ്പം ഉലുവ, കടുക് പൊടിച്ചത് എന്നിവ ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കണം. പാകം ചെയ്യാനായി പാത്രത്തിലേക്ക് നല്ലെണ്ണ എടുത്ത് നന്നായി ചൂടാക്കുക. ഇതിലേക്ക് കടുക്, അരസ്പൂണ്‍ ഉലുവ എന്നിവ ചേര്‍ത്ത് വറുക്കുക. ഇതിലേക്ക് 50 ഗ്രാം ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും 25 ഗ്രാം പച്ചമുളക് ചതച്ചതും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കണം.

അടുത്തഘട്ടത്തില്‍ കഴുകിവെച്ചിരിക്കുന്ന നാരങ്ങ മൂടിവെച്ച് വേവിച്ചെടുക്കുക. കുരു കളഞ്ഞ ഈന്തപ്പഴവും (250ഗ്രാം) ഒന്നര സ്പൂണ്‍ കായപ്പൊടിയും ചേര്‍ക്കുക. കാല്‍കപ്പ് വിനാഗിരിയും ചേര്‍ത്ത് ഇളക്കിയ ശേഷം അടുപ്പില്‍ നിന്ന് മാറ്റി വയ്ക്കുക. കയ്പ്പില്ലാത്ത സ്വാദിഷ്ടമായ ഈന്തപ്പഴം - നാരങ്ങ അച്ചാര്‍ റെഡി.