
തന്റെ പത്താം ക്ലാസിലെ മാർക്ക് വെളിപ്പെടുത്തി നടൻ മോഹൻലാൽ. 'ബറോസും ആയിരം കുട്ടികളും' ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിൽ ഉണ്ടായിരുന്ന ടീച്ചർമാർക്ക് ഇഷ്ടമുള്ള കുട്ടിയായിരുന്നു താനെന്നും ആർക്കും ഉപദ്രവമൊന്നും ഉണ്ടാക്കാത്ത കുട്ടികളെ പൊതുവെ അവർ ഇഷ്ടപെടുമല്ലോയെന്നും നടൻ പറഞ്ഞു. സമാപന ചടങ്ങിൽ കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യാപകൻ ആരാണ്? പത്താം ക്ലാസിൽ ലാലേട്ടന് എത്ര മാർക്ക് ഉണ്ടായിരുന്നു' - എന്നാണ് ഒരു വിദ്യാർത്ഥിനി ചോദിച്ചത്.
'പത്താം ക്ലാസിലെ കറക്റ്റ് മാർക്ക് കൃത്യമായി എനിക്ക് ഓർമയില്ല. 10ൽ ജയിച്ചു. അന്ന് ജയിക്കാൻ 310 ആയിരുന്നു ആവശ്യം. എനിക്ക് ഒരു 360 മാർക്ക് ഉണ്ടായിരുന്നു. ഇന്നത്തെ പോലെ പ്ലസ്ടു ഒന്നുമല്ലല്ലോ. പത്താം ക്ലാസ് കഴിഞ്ഞാൽ നേരെ പ്രീ ഡിഗ്രി പഠിക്കാൻ കോളേജിലേക്കാണ് പോകുന്നത്. പാസാകാതെ കോളേജിൽ ചേരാൻ പറ്റുമായിരുന്നില്ല. എന്നെ പഠിപ്പിച്ച എല്ലാ അദ്ധ്യാപകരെയും എനിക്ക് ഇഷ്ടമാണ്. ചിലരെ ഇടയ്ക്ക് കാണാറുണ്ട്. ചിലരൊക്കെ ലോകം വിട്ടുപോയി. എല്ലാവർക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു ഞാൻ. അത്യാവശ്യം കുറുമ്പൊക്കെ ഉണ്ടെങ്കിലും ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആളായിരുന്നു ഞാൻ',- മോഹൻലാൽ വ്യക്തമാക്കി.
മോഹൻലാൽ സംവിധാനം ചെയ്ത ത്രീഡി ചിത്രം ബറോസ് ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. മോഹൻലാലിനൊപ്പം ഗുരു സോമസുന്ദരം, മോഹൻ ശർമ്മ, തുഹിൻ മേനോൻ എന്നിവരും വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും അണിനിരക്കുന്നു. ഛായാഗ്രഹണം സന്തോഷ് ശിവൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.