airport

ന്യൂഡല്‍ഹി: പ്രവാസികള്‍ വിമാനയാത്രക്കാര്‍ക്ക് തിരിച്ചടിയായി പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നു. വിമാന യാത്രക്കാര്‍ക്കുള്ള ഹാന്‍ഡ് ബാഗേജ് നിയമത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ നിയമം അനുസരിച്ച് ഇനി മുതല്‍ വിമാനത്തിലെ ഒരു യാത്രക്കാരന് വിമാനത്തിനുള്ളില്‍ ഒരു ബാഗ് മാത്രമേ അനുവദിക്കുകയുള്ളൂ. ബാഗിന്റെ പരമാവധി തൂക്കമാകട്ടെ ഏഴ് കിലോ ഗ്രാമില്‍ കൂടാനും പാടില്ല. ഹാന്‍ഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട് പുതിയ നിയന്ത്രണത്തിന്റെ ഭാഗമായി. കൈവശം അധികമായി ബാഗുകള്‍ ഉണ്ടെങ്കില്‍ ഇനി മുതല്‍ അത് ഓരോന്നും ചെക് ഇന്‍ ചെയ്യേണ്ടി വരുമെന്നതാണ് പുതിയ നിയന്ത്രണത്തില്‍ വ്യക്തമാക്കുന്നത്.

2024 മേയ് മാസം രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ ലഭിക്കും. എന്നാല്‍ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് ഭാരം അല്ലെങ്കില്‍ വലുപ്പ പരിധികള്‍ കവിഞ്ഞാല്‍ അധിക ബാഗേജ് ചാര്‍ജുകള്‍ ഈടാക്കാനുള്ള നിര്‍ദേശം നല്‍കി കഴിഞ്ഞു. ഹാന്‍ഡ് ബാഗിന്റെ അളവ് 55 സെന്റീമീറ്റര്‍ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റര്‍ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റര്‍ (7.8 ഇഞ്ച്) വീതിയിലും കവിയാന്‍ പാടില്ല. യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.