home

കാശ് സമ്പാദിക്കാന്‍ നന്നായി അറിയാം, പക്ഷേ അത് എവിടെ എങ്ങനെ ചെലവാക്കണം എന്ന് അറിയാത്തവര്‍. ഇങ്ങനെ ഒരു ചീത്തപ്പേരുണ്ട് മലയാളികള്‍ക്ക് കാലങ്ങളായി. ഇക്കാര്യം പൂര്‍ണമായും ശരിയല്ലെങ്കിലും ഒരു പരിധി വരെ പല കാര്യങ്ങളിലും മലയാളിയുടെ സ്വഭാവമാണ് ധാരാളിത്തം കാണിക്കുകയും പണം നിയന്ത്രണമില്ലാതെ പാഴാക്കുന്നതും. അക്കൂട്ടത്തില്‍ തന്നെ മലയാളികള്‍ ഏറ്റവും അധികം പണം ചെലവാക്കുന്ന കാര്യങ്ങളിലൊന്ന് വീട് നിര്‍മാണത്തിലാണ്.

ആയുസ് മുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുഴുവന്‍ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ മലയാളി പാഴാക്കാറുണ്ട്. ഇതിന് പിന്നിലെ വലിയ സാമ്പത്തിക ബാദ്ധ്യതയെ കുറിച്ച് ചിന്തിക്കാറുമില്ല. പലപ്പോഴും മറ്റുള്ളവരുടെ മുന്നില്‍ അമിതമായി ആഡംബരം കാണിക്കാന്‍ വേണ്ടിയാണ് വലിയ തുക ചെലവാക്കി വീടുകള്‍ നിര്‍മിക്കുന്നത്. മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശനം നടത്തുന്നത് ഒഴിവാക്കി സ്വന്തം ആവശ്യത്തിന് അനുസരിച്ചുള്ള വീട് നിര്‍മിച്ചാല്‍ അത് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ സഹായിക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

വീട് പണികഴിപ്പിക്കുമ്പോള്‍ ഉപയോഗിക്കാന്‍ ഒരു സാദ്ധ്യതയുമില്ലാത്ത മുറികള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ഒരേ മുറി തന്നെ ഒന്നിലധികം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാം. പണ്ടുകാലത്തെ പോലെ കൂട്ടുകുടുംബങ്ങള്‍ ഇന്ന് കേരള സമൂഹത്തില്‍ ഇല്ല. അതുകൊണ്ട് തന്നെ ചെറിയ കുടുംബങ്ങള്‍ക്ക് കഴിയാന്‍ പാകത്തിന് മുറികളുടെ എണ്ണം പരിമിതപ്പെടുത്തുകയും ഭാവിയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ മുറികള്‍ പണിയാനും മുകളിലേക്ക് കൂടുതല്‍ നിലകള്‍ സ്ഥാപിക്കാന്‍ പാകത്തിന് അടിത്തറ രൂപപ്പെടുത്തുകയും ചെയ്താല്‍ മതിയാകും.

ഫിനിഷിങ് സമയത്താണ് ഏറ്റവുമധികം പാഴ്‌ച്ചെലവുണ്ടാകുക. സുന്ദരമായതും സൗകര്യങ്ങള്‍ കൂടിയതുമായ നിരവധി നിര്‍മാണവസ്തുക്കള്‍ വിപണിയിലുണ്ട്. ഇഷ്ടപ്പെട്ട സാധനം ബജറ്റിലൊതുങ്ങുന്നതാണോ എന്നും നോക്കണം. മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോകുകയും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്താല്‍ ലക്ഷങ്ങള്‍ പോകുന്ന വഴി അറിയില്ല. അവരുടെ തീരുമാനം നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

വീടിന്റെ ഡിസൈന്‍ ഒരിക്കല്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ പുറത്ത് നിന്നുള്ള അഭിപ്രായം കേട്ടതിന് ശേഷം അത് പൊലിച്ച് മാറ്റി നിര്‍മിക്കുന്ന പ്രവണത പലര്‍ക്കുമുണ്ട്. എന്നാല്‍ സാധനങ്ങളുടെ വിലയും പണിക്കൂലിയുമെല്ലാം നിങ്ങളുടെ കീശയില്‍ നിന്നാണ് പോകുന്നത് എന്ന് ഓര്‍മ്മിക്കണം. അതുപോലെ തന്നെ വീട് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന തടി തിരഞ്ഞെടുക്കുമ്പോഴും അത് മുറിക്കുമ്പോഴും എല്ലാം പ്രത്യേക ശ്രദ്ധ വേണം. തടി വാങ്ങുന്നതുപോലെത്തന്നെ ചെലവേറിയ മറ്റൊരു കാര്യമാണ് പോളിഷിങ്. തടി സാധനങ്ങള്‍ ഈടു നില്‍ക്കണമെങ്കില്‍ നല്ല പോളിഷിങ് ആവശ്യമാണ്.