
ജയ്പൂർ: രോഗിയായ ഭാര്യയെ കൂടെനിന്ന് പരിചരിക്കാനായി വിആർഎസ് (സ്വമേധയാ വിരമിക്കൽ) എടുത്തയാളുടെ യാത്രയയപ്പ് ചടങ്ങിൽ ഭാര്യ കുഴഞ്ഞുവീണുമരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെയർഹൗസ് മാനേജരായി ജോലിനോക്കിയിരുന്ന ദേവേന്ദ്ര സന്ദലിനാണ് ഭാര്യ കൺമുന്നിൽ മരിക്കുന്നതിന് സാക്ഷിയാവേണ്ടിവന്നത്.
ദേവേന്ദ്രയുടെ ഭാര്യ ദീപിക കുറച്ചുനാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.വിദഗ്ദ്ധ ചികിത്സ നൽകിയിട്ടും രോഗത്തിന് കാര്യമായ കുറവൊന്നുമുണ്ടായില്ല. രോഗം കലശലായതോടെയാണ് ഭാര്യയ്ക്ക് മികച്ച പരിചരണം നൽകാനായി അമ്പതുകാരനായ ദേവേന്ദ്ര സ്വമേധയാ വിരമിക്കാൻ തീരുമാനിച്ചത്. ദീപികയെയും ഇക്കാര്യം അറിയിച്ചു.
ആദ്യം ശക്തമായി എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു. വിരമിക്കൽ ദിവസം ദേവേന്ദ്രയ്ക്ക് യാത്ര അയപ്പ് നൽകാൻ സഹപ്രവർത്തകർ തീരുമാനിച്ചു. ചടങ്ങിലേക്ക് ദീപികയെയും ക്ഷണിച്ചിരുന്നു. ദേവേന്ദ്രയുടെ സഹപ്രവർത്തകരുമായി വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നതിനാൽഅസുഖത്തെ വകവയ്ക്കാതെ ദീപികയും ചടങ്ങിന് എത്തി.
ദമ്പതികൾക്ക് ജീവനക്കാർ പൂച്ചെണ്ടുകൾ സമ്മാനിക്കുന്നതും മാലയിടുന്നതും അവർക്കെല്ലാം ചിരിച്ചുകൊണ്ട് ദീപിക നന്ദിപറയുന്നതും വീഡിയോയിൽ കാണാം. നിമിഷങ്ങൾക്കകമാണ് സന്തോഷം ദുഃഖത്തിന് വഴിമാറിയത്.
ആരോഗ്യനില മോശമായ ദീപിക അവശയായി കസേരയിൽ ഇരിക്കാൻ ശ്രമിച്ചു. എന്നാൽ നിലതെറ്റി താഴേക്ക് വീഴുകയായിരുന്നു. ഓടിയെത്തിയ ദേവന്ദ്ര പുറം തടവിക്കൊടുക്കെ ദീപിക അദ്ദേഹത്തെ നോക്കി ഒന്നുപുഞ്ചിരിച്ചു. തുടർന്ന് അബോധാവസ്ഥയിലായി. സഹപ്രവർത്തകരും ദേവന്ദ്രയും ചേർന്ന് ദീപികയെ ഉടൻ അടുത്തുള്ള ആശുപത്രയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.