anurag-thakur

ഹൈദരാബാദ്: തെലുങ്ക് നടൻ അല്ലു അർജുന്റെ പ്രതിച്ഛായ തകർക്കാൻ പലരും ശ്രമിക്കുന്നുവെന്ന് ബിജെപി എംപി അനുരാഗ് താക്കൂർ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം അല്ലു അർജുനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇന്ത്യൻ സിനിമയിൽ തെലുങ്ക് നടൻമാരുടെ സംഭാവനകൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും അനുരാഗ് താക്കൂർ പറഞ്ഞു.

'ഇന്ത്യൻ സിനിമയെ ലോകശ്രദ്ധയിൽ കൊണ്ടുവരാൻ തെലുങ്ക് സിനിമകൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നാൽ ചിലർ അവരെ താറടിക്കാൻ ശ്രമിക്കുകയാണ്. പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടയിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് വീട്ടമ്മ മരിച്ചതിനെ തുടർന്നാണ് തെലങ്കാന പൊലീസ് അല്ലുവിനെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷമാണ് അല്ലു അർജുന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ചിരഞ്ജീവിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ലഭിച്ചു. ലോകമൊട്ടാകെ അവരെ അഭിനന്ദിച്ചു. കൂടാതെ ആർആർആർ, പുഷ്പ, കെജിഎഫ്, ബാഹുബലി എന്നീ സിനിമകളും ഇന്ത്യൻ സിനിമയ്ക്ക് പെരുമ നേടി തന്നു. വിവാദങ്ങൾ സൃഷ്ടിക്കാതിരിക്കുക. കോൺഗ്രസ് നേതാക്കളുടെയും എംഎൽഎമാരുടെയും പ്രസ്താവനകൾ തെലങ്കാന സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്'- എംപി പ്രതികരിച്ചു.


കഴിഞ്ഞ ദിവസം തെലങ്കാനയിലെ കോൺഗ്രസ് എംഎൽഎ ഭൂപതി റെഡ്ഡി അല്ലുവിന് ശക്തമായ താക്കീത് നൽകിയിരുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അല്ലുവിന്റെ സിനിമകൾ സംസ്ഥാനത്ത് റിലീസ് ചെയ്യുന്നത് തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിസാമാബാദിലെ ഒരു പൊതുപരിപാടിയിൽ വച്ചാണ് എംഎൽഎ സംസാരിച്ചത്.

'നടനെന്ന നിലയിൽ അല്ലു അർജുൻ സ്വന്തം സ്ഥാനത്തെ ബഹുമാനിക്കണമെന്നും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഞങ്ങളുടെ മുഖ്യമന്ത്രിയെക്കുറിച്ച് നിങ്ങൾ ഇനി ഒന്നും സംസാരിക്കരുത്. നിങ്ങൾ ആന്ധ്രയിൽ നിന്നുളള വ്യക്തിയാണ്. അതനുസരിച്ച് പെരുമാറണം. ഉപജീവനത്തിനാണ് നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ഭരണകക്ഷി എംഎൽഎ എന്ന നിലയിലാണ് സംസാരിക്കുന്നത്. അതിനാൽ ഞാൻ നൽകിയ സ്ഥാനം മാനിക്കണം. നിങ്ങൾ ഒരു അഭിനേതാവാണ്. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക, ജീവിക്കുക. അല്ലു സ്വന്തം സ്വഭാവം മാ​റ്റിയില്ലെങ്കിൽ അഭിനയിച്ച സിനിമ പ്രദർശിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടാകും'- ഭൂപതി റെഡ്ഡി പ്രതികരിച്ചു.