-syria

മോസ്കോ: പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിന്റെ ഭാര്യ അസ്മ അൽ അസദ് ഗുരുതരമായ രക്താർബുദത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ട്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ പകുതി സാദ്ധ്യതമാത്രമേ ഉള്ളൂ എന്നും അണുബാധ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഒറ്റപ്പെട്ട് കഴിയുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് ആദ്യമായല്ല അസ്മയ്ക്ക് കാൻസർ ബാധിക്കുന്നത്. 2019 ൽ അവർക്ക് സ്തനാർബുദം സ്ഥിരീകരിച്ചിരുന്നു. ഒരുവർഷത്തെ ചികിത്സയ്ക്കുശേഷം രോഗമുക്തയായതായി അവർ തന്നെ പ്രഖ്യാപിക്കുകയുമായിരുന്നു. അടുത്തിടെയാണ് രക്താർബുദം സ്ഥിരീകരിച്ചത്.

സിറിയൻ പൗരത്വത്തിന് പുറമേ അസ്മയ്ക്ക് ബ്രിട്ടീഷ് പൗരത്വവുമുണ്ട്. സിറിയയിൽ കലാപം ആരംഭിച്ചതുമുതൽ അസ്മ ബ്രിട്ടണിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ മോസ്കോയിൽ റഷ്യൻ സർക്കാരിന്റെ സംരക്ഷണയിലാണ് അസദും അസ്മയും കഴിയുന്നത്. ജീവിതത്തിൽ അതൃപ്തിയുള്ളതിനാൽ അസദിൽ നിന്ന് വിവാഹമോചനത്തിനുവേണ്ടി ശ്രമിക്കുന്നു എന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതെല്ലാം തെറ്റാണെന്നായിരുന്നു റഷ്യൻ അധികൃതർ വ്യക്തമാക്കിയത്. രാജ്യംവിടാൻ പ്രത്യേക അനുമതി ആവശ്യപ്പെട്ട് റഷ്യൻ കോടതിയിൽ അസ്മ അപേക്ഷ നൽകിയതായും അത് ഇപ്പോൾ ബന്ധപ്പെട്ടവരുടെ പരിഗണനയിലാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. എന്നാൽ ഇത് തള്ളാനോ കൊള്ളാനോ റഷ്യ തയ്യാറായിട്ടില്ല.

വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷമാണ് സിറിയയുടെ അധികാരം വിമതർ പിടിച്ചെടുത്തത്. അഭ്യന്തര യുദ്ധകാലത്ത് ആയിരക്കണക്കിന് പേരെ അതിക്രൂരമായാണ് അസദ് ഭരണകൂടം കൊലപ്പെടുത്തിയത്. അധികാരം നഷ്ടമായതോടെ അസദ് കുടുംബത്തോടൊപ്പം റഷ്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. റഷ്യയിൽ അഭയം ലഭിച്ചുവെങ്കിലും കടുത്ത നിയന്ത്രണങ്ങളാണ് അസദ് നേരിടുന്നത്. അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനൊപ്പം കൈയിലുണ്ടായിരുന്ന കോടികൾ വിലവരുന്ന സ്വർണവും റഷ്യ പിടിച്ചെടുത്തിട്ടുണ്ട്. മോസ്കോ വിടുന്നതിനും രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും വിലക്കുണ്ട്.