
പാറ്റ്ന: അദ്ധ്യാപകനും ലഭിച്ചു പ്രസവാവധി. ബീഹാറിലെ വൈെശാലി ജില്ലയിൽ ഹസൻപൂരിലെ യുസിസിഎച്ച് മധ്യമിക് സർക്കാർ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകനായ ജിതേന്ദ്രകുമാർ സിംഗിനാണ് എട്ടുദിവസത്തെ പ്രസവാവധി ലഭിച്ചത്. സംഭവം സോഷ്യൽ മീഡിയയിലെ സജീവ ചർച്ചയാണിപ്പോൾ.
സർക്കാർ അദ്ധ്യാപകരുടെ അവധി അപേക്ഷകൾക്കായുള്ള ഓൺലൈൻ പോർട്ടലിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നിരവധിപേരാണ് ഇത് പങ്കുവച്ചത്. മണിക്കൂറുകൾക്കകം ഇത് വൈറലാവുകയും ചെയ്തു.
ഡിസംബർ ഒന്ന് മുതൽ 12 വരെയുള്ള അവധിയാണ് ജിതേന്ദ്ര കുമാർ സിംഗിന് അധികൃതർ അനുവദിച്ചുകൊടുത്തിരിക്കുന്നതെന്നാണ് സ്ക്രീൻഷോട്ട് വ്യക്തമാക്കുന്നത്. ഇതിൽ ആദ്യത്തെയും എട്ടാം ദിവസത്തെയും അവധികൾ വീക്കിലി ഓഫുകളാണ്. 11 ഉം 12 ദിവസത്തെ അവധികൾ കാഷ്വൽ ലീവുകളാണെന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഇടയിലുള്ള എട്ട് ദിവസത്തെ അവധിയാണ് പ്രസവാവധിയായി രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ജിതേന്ദ്രയ്ക്ക് പ്രസവാവധി അനുവദിച്ച് നൽകിയത് വെറും സാങ്കേതിക പ്രശ്നം മാത്രമാണെന്നും അത് പർവതീകരിച്ച് കാണിക്കേണ്ട ആവശ്യമില്ലെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്. അവധി നൽകിയതിന്റെ കാരണം വെളിപ്പെടുത്തിയ കോളം മാറിപ്പോയതാണ് പ്രശ്നത്തിന് കാരണമെന്നും അത് ഉടൻ തന്നെ പരിഹരിക്കാൻവേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ബീഹാറിൽ പുരുഷ ജീവനക്കാർക്ക് വർഷത്തിൽ പതിനഞ്ചുദിവസത്തെ കാഷ്വൽ ലീവാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഗർഭിണികളായ ജീവനക്കാരികൾക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അപേക്ഷിക്കാം. രണ്ട് പ്രസവങ്ങൾക്ക് മാത്രമാണ് ഈ അവധി ലഭിക്കുന്നത്.