
മെൽബൺ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഓസ്ട്രേലിയ 311/6
സാം കോൺസ്റ്റാസിന് അരങ്ങേറ്റത്തിൽ അർദ്ധസെഞ്ച്വറി (60)
ഉസ്മാൻ ഖ്വാജ(57), ലാബുഷയ്ൻ (72), സ്മിത്ത് (68*) എന്നിവർക്കും അർദ്ധസെഞ്ച്വറികൾ
മെൽബൺ : മുൻനിര ബാറ്റർമാരുടെ അർദ്ധസെഞ്ച്വറികളിലൂടെ ഇന്ത്യയ്ക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളത്തിൽ കാലുറപ്പിച്ച് ഓസ്ട്രേലിയ. ഇന്നലെ മെൽബണിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയർ സ്റ്റംപെടുക്കുമ്പോൾ 311/6 എന്ന നിലയിലാണ്. അർദ്ധസെഞ്ച്വറികൾ നേടിയ അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് (65 പന്തുകളിൽ 60 റൺസ്),ഉസ്മാൻ ഖ്വാജ(57), ലാബുഷയ്ൻ (72), സ്മിത്ത് (68*) എന്നിവരാണ് ഓസീസിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.
ആദ്യ രണ്ട് സെഷനുകളിൽ വിക്കറ്റുകൾ വീഴ്ത്താൻ ബുദ്ധിമുട്ടിയ ഇന്ത്യൻ ബൗളർമാർ അവസാന സെഷനിൽ നാലുവിക്കറ്റുകൾ വീഴ്ത്തിയാണ് മത്സരത്തിലേക്ക് തിരിച്ചുവരവിന് ശ്രമിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ,വാഷിംഗ്ടൺ സുന്ദർ,ആകാശ്ദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. കളിനിറുത്തുമ്പോൾ സ്മിത്തിനൊപ്പം എട്ടുറൺസുമായി നായകൻ പാറ്റ് കമ്മിൻസാണ് ക്രീസിൽ.
കഴിഞ്ഞ ടെസ്റ്റിൽ കളിച്ച ടീമിൽ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ മെൽബണിലിറങ്ങിയത്. ഫോം ഔട്ടായ ശുഭ്മാൻ ഗില്ലിന് പകരം ആൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ടീമിലെത്തി. ഓസീസ് ടീമിൽ ഓപ്പണർ നഥാൻ മക്സ്വീനിക്ക് പകരം സാം കോൺസ്റ്റാസും പേസർ ജോഷ് ഹേസൽവുഡിന് പകരം സ്കോട്ട് ബോളണ്ടും കളത്തിലിറങ്ങി.
'അടി" പൊളി അരങ്ങേറ്റം
19-ാം വയസിൽ ടെസ്റ്റ് അരങ്ങേറ്റത്തിനിറങ്ങിയ സാം കോൺസ്റ്റാസിന്റെ ഏകദിന ശൈലിയിലുള്ള ബാറ്റിംഗായിരുന്നു മത്സരത്തിന്റെ തുടക്കം ആവേശകരമാക്കിയത്. ആദ്യ ഓവറിൽ ജസ്പീത് ബുംറയുടെ ബൗളിംഗിന് മുന്നിൽ പരുങ്ങിയ സാം ആറാം ഓവറിൽ സ്കൂപ്പ് ഷോട്ടിലൂടെ ബുംറയെ ബൗണ്ടറിക്ക് പായിച്ചാണ് തുടങ്ങിയത്. അടുത്ത പന്തിൽ റിവേഴ്സ് സ്കൂപ്പിലൂടെ സിക്സ്. ഈ ഓവറിൽ ഒരു ബൗണ്ടറികൂടി നേടി ആകെ 14 റൺസിനാണ് ബുംറയെ ശിക്ഷിച്ചത്. 11-ാം ഓവറിൽ ബുംറയെത്തന്നെ ഒരു സിക്സും രണ്ട് ബൗണ്ടറികളും ഉൾപ്പടെ പായിച്ച് 18 റൺസ് നേടി. 52 പന്തുകളിൽ നിന്ന് അരങ്ങേറ്റ അർദ്ധസെഞ്ച്വറി നേടിയ സാമിനെ ഒടുവിൽ 20-ാം ഓവറിൽ രവീന്ദ്ര ജഡേജ എൽ.ബിയിൽ കുരുക്കിയാണ് മടക്കിയത്. 65 പന്തുകൾ നേരിട്ട സാം രണ്ട് സിക്സും ആറ് ഫോറുമടക്കമാണ് 60 റൺസ് നേടിയത്.
കരുത്തേകിയ
കൂട്ടുകെട്ടുകൾ
ആവേശത്തുടക്കം നൽകിയ സാം പുറത്തായശേഷം കളത്തിലൊരുമിച്ച ഖ്വാജയും ലാബുഷേയ്നും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 65 റൺസും ലാബുഷേയ്നും സ്മിത്തും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 83 റൺസുമാണ് ഓസീസ് ഇന്നിംഗ്സിന് അടിത്തറയിട്ടത്. ലഞ്ചിന് പിരിയുമ്പോൾ 112/1 എന്ന നിലയിലായിരുന്നു ഇന്ത്യ. ലഞ്ചിന് ശേഷം അർദ്ധ സെഞ്ച്വറി തികച്ച ഖ്വാജ ബുറംയുടെ പന്ത് രാഹുലിന്റെ കയ്യിലേക്ക് അടിച്ചിട്ടാണ് മടങ്ങിയത്. പകരമെത്തിയ സ്മിത്ത് താളം കണ്ടെത്തിയതോടെ 176/2 എന്ന സ്കോറിന് ചായയ്ക്ക് പിരിഞ്ഞു. ചായയ്ക്ക് ശേഷം ലാബുഷേയ്നെ വിരാടിന്റെ കയ്യിലെത്തിച്ച് വാഷിംഗ്ടൺ സുന്ദർ കൂട്ടുകെട്ട് പൊളിച്ചു.
'തല" തെറിപ്പിച്ച് ബുംറ
ലാബുഷേയ്ന് പകരമിറങ്ങിയ ഈ പരമ്പരയിലെ ഇന്ത്യയുടെ വലിയ തലവേദന ട്രാവിസ് ഹെഡിനെ (0) റണ്ണെടുക്കുംമുന്നേ ബുംറ തിരിച്ചയച്ചു. ബുംറയുടെ ഇൻസ്വിംഗറിനെ ലീവ് ചെയ്യാൻ ശ്രമിച്ച ഹെഡിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് പന്ത് ഓഫ് സ്റ്റംപിന് മുകളിലുള്ള ബെയിൽസുമായി പറക്കുകയായിരുന്നു. തുടർന്ന് മിച്ചൽ മാർഷിനെ(4)ക്കൂടി ബുംറ തിരിച്ചയച്ചു. പാറ്റ് കമ്മിൻസിനെക്കൂട്ടി സ്കോർ ഉയർത്താൻ നോക്കിയ അലക്സ് കാരേയെ (31) ടീം സ്കോർ 299ൽ വച്ച് ആകാശ്ദീപ് റിഷഭ് പന്തിന്റെ കയ്യിലെത്തിച്ചു.