
വിറ്റാമിനുകളാലും ധാതുക്കളാലും സമൃദ്ധമായ തക്കാളി പാചകത്തിൽ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ്. തക്കാളി പാകം ചെയ്യാതെ കഴിക്കാനും കുട്ടികൾക്കുൾപ്പെടെ ഇഷ്ടമാണ്. എന്നാൽ ഈ കുഞ്ഞനെ പാകം ചെയ്യുന്നതിനും വീട്ടിൽ വാങ്ങി സൂക്ഷിക്കുന്നതിനും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം തുടങ്ങിയവയാൽ സമ്പന്നമാണെങ്കിലും അസിഡിക് സ്വഭാവമുള്ളതിനാൽ തക്കാളി പാകം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതായുണ്ട്. തക്കാളി പാകം ചെയ്യുമ്പോൾ അലുമിനിയം പാനുകളും ചീനച്ചട്ടികളും ഒഴിവാക്കണം. തക്കാളിയിലെ ആസിഡ് ഈ ലോഹവുമായി പ്രതികൂലമായി പ്രവർത്തിക്കുകയും തക്കാളിയുടെ രുചിയിലും നിറത്തിലും വ്യത്യാസം ഉണ്ടാക്കുകയും ചെയ്യും. അലുമിനിയം പാത്രത്തിന്റെ നിറം മാറുന്നതിനും കാരണമാവും. ചെമ്പ്, ഇരുമ്പ്, നോൺ സ്റ്റിക് പാത്രങ്ങളാണ് തക്കാളി പാകം ചെയ്യാൻ നല്ലത്.
അസിഡിക് സ്വഭാവമുള്ള പഴം ആയതിനാൽ പാകം ചെയ്ത തക്കാളി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പച്ചയ്ക്കാണ് കഴിക്കുന്നതെങ്കിൽ കുരു മാറ്റിയതിനുശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്ന അസിഡിറ്റിയുടെ സാദ്ധ്യത കുറയ്ക്കും. മാത്രമല്ല, പാകം ചെയ്ത തക്കാളി കഴിക്കുന്നത് കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
തക്കാളി പച്ചനിറത്തിലും കട്ടിയുള്ള രൂപത്തിലുമാണെങ്കിൽ അവ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കരുത്. നേരിട്ട് സൂര്യപ്രകാരം ഏൽക്കാതെ റൂം ടെമ്പറേച്ചറിൽ അടുക്കളയിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. തക്കാളി പെട്ടെന്ന് പഴുക്കണമെങ്കിൽ വാഴപ്പഴത്തിനോ, അവക്കാഡോയ്ക്ക് സമീപത്തായോ സൂക്ഷിക്കാം. മുറിച്ച തക്കാളിയാണെങ്കിൽ മുറിച്ച ഭാഗത്തുമാത്രം പ്ളാസ്റ്റിക് കൊണ്ട് പൊതിഞ്ഞതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അഴുകി പോകാതിരിക്കാൻ സഹായിക്കും.