2024ൽ പെൺപാദങ്ങൾ ഭരിച്ച ഷൂസാണ് അഡിഡാസ് സാമ്പാസ്. പ്രശസ്ത മോഡലായ ബെല്ല ഹദീദ് മുതൽ ജസ്റ്റിൻ ബീബറിന്റെ ഭാര്യ ഹെയ്ലി ബീബർവരെ അഡിഡാസ് സാമ്പാസിന്റെ ആരാധകരായി മാറി. അഡിഡാസിന്റെ ഡിമാൻഡ് ഏറിയതോടെ വിപണിയിൽ ഇവയുടെ വ്യാജന്മാരും സുലഭമാവുകയാണ്. അഡിഡാസ് സാമ്പാസ് ഒറിജിനൽ തിരിച്ചറിയാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
ആദ്യം തന്നെ ഷൂസ് ബോക്സ് പരിശോധിക്കാം. നല്ല ക്വാളിറ്റിയുള്ള പ്രിന്റിംഗും വാക്കുകൾ തമ്മിൽ കൃത്യമായ അകലവും ബ്രാൻഡ് പേര് കൃത്യമായി നൽകിയിരിക്കുന്നതും ഒറിജിനൽ അഡിഡാസിന്റെ ബോക്സിൽ ഉണ്ടായിരിക്കും. വ്യാജനാണെങ്കിൽ ക്വാളിറ്റിയില്ലാത്ത പ്രിന്റിംഗും അക്ഷരതെറ്റുകളും പാടുകളും മറ്റും ഷൂസ് ബോക്സിൽ കാണാൻ സാധിക്കും.
ഷൂസ് ബോക്സിലെ എസ് കെ യു നമ്പറും (സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റ്) ഷൂസിനുള്ളിലെ ലേബലിലുള്ള നമ്പറും ഒന്നുതന്നെ ആണോയെന്ന് പരിശോധിക്കണം. വ്യാജനാണെങ്കിൽ ഇത് വ്യത്യാസപ്പെട്ടിരിക്കും.
അഡിഡാസ് ഉത്പന്നങ്ങൾ പ്രീമിയം ഗുണനിലവാരത്തിനും മികച്ച കരകൗശല വൈദഗ്ധ്യത്തിനും പേരുകേട്ടവയാണ്. ഷൂസിന്റെ തയ്യൽ, ഒട്ടിക്കലുകൾ, മൊത്തത്തിലെ നിർമാണ രീതി എന്നിവയിൽ നിന്നെല്ലാം ഒറിജിനലിനെ കണ്ടെത്താം.