rrjeje

ഹൈദരാബാദ്: അല്ലു അർജ്ജുൻ വിവാദം കത്തിനിൽക്കെ ക്രമസമാധാന പാലനത്തിൽ ഒരു വീട്ടുവീഴ്ചയ്ക്കുമില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസിനുള്ളതുപോലെ ഉത്തരവാദിത്വം താരങ്ങൾക്കുമുണ്ട്. തെലുങ്കു സിനിമാ വ്യവസായത്തിനൊപ്പം നിൽക്കുന്നു. എന്നാൽ ക്രമസമാധാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. തെലങ്കാന സ്റ്റേറ്റ് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ സിനിമാ പ്രവ‌ർത്തകരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് രേവന്ത് റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്. പുഷ്‌പ 2 സിനിമാ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അഭിനേതാക്കളും സംവിധായകരും നിർമ്മാതാക്കളുമായും ചർച്ച നടത്തിയത്. ജനങ്ങളുടെ ജീവന് അപകടം വരുന്ന ഒന്നും ചെയ്യാൻ അനുവദിക്കില്ല.

ജനക്കൂട്ടത്തിലേക്ക് എത്തുമ്പോൾ താരങ്ങൾ പൊലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. താരങ്ങളുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയന്ത്രിക്കണം.

സ്പെഷ്യൽ സിനിമാ ഷോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. യോഗത്തിൽ തെലങ്കാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എഫ്.ഡി.സി) ചെയർമാൻ ദിൽ രാജു,​ അല്ലു അർജ്ജുന്റെ പിതാവും നിർമ്മാതാവുമായ അല്ലു അരവിന്ദ്,​

താരങ്ങളായ നാഗാർജ്ജുന, വരുൺ തേജ്, സായ് ദരം തേജ്, കല്യാൺ റാം, ശിവ ബാലാജി, അദിവിശേഷ്, നിതിൻ, വെങ്കിടേഷ് എന്നിവർ പങ്കെടുത്തു.

ഡിസംബർ നാലിനാണ് കേസിനാസ്പദമായ അപകടമുണ്ടായത്. പുഷ്പ 2 പ്രിമിയർ ഷോ നടക്കുന്ന സന്ധ്യാ തിയേറ്രറിലേക്ക് അല്ലു അർജ്ജുൻ അപ്രതീക്ഷിതമായി വരികയും നിയന്ത്രണാതീതമായ തിരക്കുണ്ടാകുകയുമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ആന്ധ്രാ സ്വദേശിയായ രേവതി (39) മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീതേജ (9) ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ശ്രീതേജയ്ക്ക് മസ്‌തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അല്ലു അർജ്ജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയേറ്റർ ഉടമകൾക്കുമെതിരെ പൊലീസ് കേസെടുത്തു. അല്ലുവിനെ അറസ്റ്റ് ചെയ്തെങ്കിലും തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു രാത്രി അല്ലു ജയിലിൽ കഴിഞ്ഞു.

സിനിമാ വ്യവസായത്തെ ലക്ഷ്യമിടുന്നു: ബി.ജെ.പി

അതിനിടെ,​ രേവന്ത് റെഡ്ഡി തെലുങ്ക് സിനിമാ വ്യവസായത്തെ ലക്ഷ്യമിടുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
താരങ്ങളെ സമ്മർദ്ദത്തിലാക്കുകയാണെന്നും സിനിമാക്കാരുടെ ഉപജീവനമാർഗത്തെ ബാധിക്കുമെന്നും

ബിജെപിയുടെ അമിത് മാളവ്യ അവകാശപ്പെടുന്നു, കോൺഗ്രസ് സർക്കാർ പണം നിയന്ത്രിക്കാനും പണം പിരിച്ചെടുക്കാനും ശ്രമിക്കുന്നതായി ആരോപിക്കപ്പെടുന്നു.