
രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലം
കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങളും അമേരിക്കയുടെ വ്യാപാര തീരുവ യുദ്ധവും വിലക്കയറ്റവും അടുത്ത വർഷം സ്വർണത്തിന് തിളക്കം വർദ്ധിപ്പിച്ചേക്കും. 2025ലെ നിക്ഷേപ താരം സ്വർണമാകുമെന്ന് അനലിസ്‌റ്റുകളും വ്യാപാരികളും അടിവരയിടുന്നു. നടപ്പുവർഷം ഓഹരി, കടപ്പത്രങ്ങൾ, കമ്പോള ഉത്പന്നങ്ങൾ എന്നിവയുമായി താരതമ്യം ചെയ്താൽ നിക്ഷേപകർക്ക് ഏറ്റവുമധികം നേട്ടം സ്വർണമാണ് നൽകിയത്. ഇക്കാലയളവിൽ സ്വർണ വില 25 ശതമാനത്തിലധികം ഉയർന്നു. റഷ്യ-ഉക്രെയിൻ, ഇറാൻ-ഇസ്രയേൽ യുദ്ധങ്ങളും ആഗോള മാന്ദ്യ സാഹചര്യവും ഉയരുന്ന നാണയപ്പെരുപ്പവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചു. 2024ൽ വിവിധ കേന്ദ്ര ബാങ്കുകൾ 500 ടണ്ണിലധികം സ്വർണം വാങ്ങികൂട്ടിയതാണ് വില ഉയർത്തിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,091 ഡോളറിൽ നിന്ന് 2,600 ഡോളർ വരെയാണ് ഉയർന്നത്. ഒക്‌ടോബർ 30ന് സ്വർണ വില ഔൺസിന് 2,826 ഡോളറിലെത്തി റെക്കാഡിട്ടിരുന്നു. അടുത്ത വർഷവും കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങി കൂട്ടിയേക്കും.
സ്വർണ ഇ.ടി.എഫ് മൂല്യം കുതിക്കുന്നു
ഇന്ത്യയിൽ സ്വർണ അധിഷ്‌ഠിത എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ(ഇ.ടി.എഫ്) മൂല്യം നടപ്പുവർഷം 64 64 ശതമാനം വർദ്ധനയോടെ 44,200 കോടി രൂപയിലെത്തി. ഒരു പതിറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ വിലക്കയറ്റ കാലയളവിലൂടെയാണ് സ്വർണം നീങ്ങുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു.
കഴിഞ്ഞ വർഷം കേന്ദ്ര ബാങ്കുകൾ വാങ്ങിയത് 500 ടണ്ണിലധികം സ്വർണം
നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായാൽ സ്വർണ വില പുതുവർഷത്തിൽ താഴേക്ക് നീങ്ങും. ഡൊണാൾഡ് ട്രംമ്പ് ഇറക്കുമതി തീരുവ കുത്തനെ കൂട്ടി അനിശ്ചിതത്വം സൃഷ്‌ടിച്ചാൽ വില ഉയരങ്ങളിലേക്ക്
കുതിക്കും
അഡ്വ. എസ്. അബ്ദുൽ നാസർ
ട്രഷറർ
ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
വിലയെ സ്വാധീനിക്കുന്നത്
1. ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ
2. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താത്പര്യം
3. നാണയപ്പെരുപ്പത്തിലെ കുതിപ്പ്
4. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ
5. ഫെഡറൽ റിസർവിന്റെ പലിശ കുറയ്ക്കാനുള്ള തീരുമാനം