hepatitis

ഹെപ്പറ്റൈറ്റിസ് എ, ഇ എന്നീ രോഗങ്ങള്‍ ഇന്ത്യയില്‍ വളരെയധികം പൊതുജനാരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നവയാണ്. ഇവ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പകരുന്നത്. ഹെപ്പറ്റൈറ്റിസ് എ മൂലമുള്ള അണുബാധ ചെറിയ കുട്ടികളില്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. അതുപോലെ തന്നെ ഹെപ്പറ്റൈറ്റിസ് ഇ ഗര്‍ഭിണികളില്‍ വന്നാല്‍ കരള്‍ പ്രവര്‍ത്തന രഹിതമാകാന്‍ സാദ്ധ്യതയുണ്ട്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമൊക്കെ പകരുന്നതു കൊണ്ടുതന്നെ ശുദ്ധമായ ജലത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യത ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ചുമതലയാണ്.


മലിനമായ ആഹാരവും ജലവും ശരീരത്തിനുള്ളില്‍ ചെല്ലുന്നതും രോഗമുള്ള ആളുമായി വളരെ അടുത്ത് ഇടപഴകുന്നതുമാണ് ഹെപ്പറ്റൈറ്റിസ് എ പകരാനുള്ള മുഖ്യമായ കാരണം. ഇതേ കാരണങ്ങള്‍ മൂലമാണ് ഹെപ്പറ്റൈറ്റിസ് ഇ പകരുന്നതെങ്കിലും വൃത്തിയായി പാകം ചെയ്യാത്ത ഇറച്ചിയിലൂടെയും ഹെപ്പറ്റൈറ്റിസ് ഇ പകരുന്നതായി കാണാറുണ്ട്.


രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും ഹെപ്പറ്റൈറ്റിസ് എ ഉള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടെനിന്ന് ആഹാരം കഴിക്കുകയും മറ്റും ചെയ്യുമ്പോള്‍ പലപ്പോഴും ഹെപ്പറ്റൈറ്റിസ് എ പകരുന്നതായി കാണാറുണ്ട്. ആഹാരം പാകം ചെയ്യുന്ന ആളുകള്‍ക്ക് ഹെപ്പറ്റൈറ്റിസ് എ അണുബാധ ഉണ്ടായാല്‍ അവര്‍ പാകം ചെയ്യുന്ന ആഹാരത്തിലൂടെ മറ്റുള്ള ആളുകളിലേക്ക് രോഗം പകരാനുള്ള സാദ്ധ്യതയുണ്ട്.


രോഗലക്ഷണങ്ങള്‍

ഹെപ്പറ്റൈറ്റിസ് എ & ഇ എന്നിവക്ക് രോഗലക്ഷണങ്ങള്‍ ഏതാണ്ട് ഒരുപോലെയാണ്. രോഗിയില്‍ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഛര്‍ദ്ദി, വയറുവേദന, കണ്ണിലെ മഞ്ഞ, മഞ്ഞപ്പിത്തം, മൂത്രത്തില്‍ മഞ്ഞനിറം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍.

ഹെപ്പറ്റൈറ്റിസ് എ രോഗാണു ശരീരത്തിനകത്ത് പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ഏകദേശം 2 - 4 ആഴ്ച വരെ എടുക്കാറുണ്ട്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ഇ രോഗാണു അകത്ത് പ്രവേശിച്ചാല്‍ ഏകദേശം രണ്ടാഴ്ച മുതല്‍ 10 ആഴ്ച വരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ സമയമെടുക്കുന്നു.


ഹെപ്പറ്റൈറ്റിസ് ഇ ഗര്‍ഭിണികളിലും അതുപോലെ പ്രായമുള്ള ആളുകളിലും പ്രമേഹം, കാന്‍സര്‍ പോലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും ചിലപ്പോള്‍ ജീവന് തന്നെ അപകടം വരുത്തുന്ന രീതിയില്‍ കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുക എന്നതിലേക്ക് കൊണ്ടെത്തിക്കാറുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.


ഹെപ്പറ്റൈറ്റിസ് എ & ഇ കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥ ഉണ്ടാക്കി മരണം വരെ സംഭവിക്കാന്‍ ഇടയാക്കാറുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യത, മാലിന്യനിര്‍മ്മാര്‍ജ്ജനം ശരിയായ രീതിയില്‍ നടത്തുക, എന്നിവയിലൂടെ മാത്രമേ നമുക്ക് ഇത് തടയാന്‍ സാധിക്കുകയുള്ളു. ഹെപ്പറ്റൈറ്റിസ് എയ്ക്കും ചില രാജ്യങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ഇയ്ക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാണ്. വ്യക്തി ശുചിത്വവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതും വളരെ പ്രധാനപ്പെട്ട പ്രതിരോധ മാര്‍ഗ്ഗങ്ങളാണ്.


സമൂഹത്തില്‍ ശരിയായ ശൗചാലയങ്ങളുടെ ലഭ്യതയും, പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് തടയുകയും ചെയ്യുന്നത് ഇത്തരത്തിലുള്ള രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആവശ്യമാണ്.


പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക.

കൃത്യമായ ഇടവേളകളില്‍ കിണര്‍ വെള്ളം അണുനശീകരണം ചെയ്യുക. ക്ലോറിനേഷന്‍ മുതലായവ കൃത്യമായി നടത്തുക.

പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.

വ്യക്തി ശുചിത്വം പാലിക്കുക.

ആഹാരസാധനങ്ങള്‍, പാനീയങ്ങള്‍ മുതലായവ ഉണ്ടാക്കുമ്പോള്‍ കൃത്യമായി വ്യക്തി ശുചിത്വം പാലിക്കുക.

വഴിയരികില്‍ ലഭിക്കുന്ന ശീതള പാനീയങ്ങള്‍, ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണം എന്നിവ ഒഴിവാക്കുക.

രോഗ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ഡോക്ടറുടെ സഹായം തേടുക.

മാത്രമല്ല രോഗം വന്നവര്‍ വ്യക്തി ശുചിത്വം പാലിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കുക.


ഇത്തരത്തില്‍ ഒരു പരിധിവരെ രോഗപ്രതിരോധം സാദ്ധ്യമാകുന്നു.

Dr. Dhanya V Unnikrishnan
Consultant Physician
SUT Hospital, Pattom,TVPM