death

കാസർകോട്: വിവാഹപന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കാസർകോട് തളങ്കര തെരുവത്താണ് സംഭവം. ക‌ർണാടക സ്വദേശിയായ പന്തൽ ജോലിക്കാരൻ പ്രമോദ് രാമണ്ണ (30) ആണ് മരിച്ചത്.

പന്തലിന്റെ ഇരുമ്പ് തൂൺ അഴിച്ചുമാറ്റുന്നതിനിടെ സമീപത്തെ വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ തട്ടുകയായിരുന്നു. പിന്നാലെ ഷോക്കേറ്റ യുവാവിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. പൊലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

അതേസമയം, ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് 23കാരൻ മരിച്ചു. ബൈക്ക് യാത്രികനായ കണ്ണൂർ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കൽ തട്ടാൻകണ്ടി വീട്ടിൽ പ്രീതയുടെ മകൻ വിഷ്ണുവാണ് മരിച്ചത്. എംസി റോഡിൽ ചെങ്ങന്നൂർ ടൗണിൽ എസ്എൻഡിപി യൂണിയൻ കെട്ടിടത്തിന് മുന്നിലായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ വിഷ്ണു 15 അടിയോളം ഉയരത്തിൽ പൊങ്ങി ബോർഡിൽ തലയിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നു.

അപകടത്തിൽ ബൈക്ക് യാത്രികനായ അമ്പലപ്പുഴ കരൂർ പുതുവൽ വിവേകിനും ഗുരുതര പരിക്കേറ്റു. യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർ ഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.