santosh-trophy

കേരളം Vs ജമ്മുകാശ്മീർ

2.30 pm മുതൽ

ഹൈദരാബാദ് : സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ കടമ്പ കടക്കാൻ കേരളം ഇന്ന് ജമ്മു കാശ്മീരിനെ നേരിടുന്നു. ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ നടന്ന പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ബി മത്സരങ്ങളിൽ ഒന്നുപോലും തോൽക്കാതെ ഒന്നാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടറിലെത്തിയിരിക്കുന്നത്. ജമ്മു കാശ്മീരാകട്ടെ ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരെന്ന നിലയിലാണ് അവസാന എട്ടിലേക്ക് പ്രവേശിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കേരളവും കാശ്മീരും തമ്മിലുള്ള ക്വാർട്ടറിന്റെ കിക്കോഫ്. രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസും മേഘാലയയും ഏറ്റുമുട്ടും.

ഗ്രൂപ്പ് ബിയിൽ ഗോവ,മേഘാലയ,ഒഡിഷ,ഡൽഹി ടീമുകൾക്ക് എതിരെ വിജയിച്ച കേരളം തമിഴ്നാടുമായി 1-1ന് സമനിലയിൽ പിരിയുകയായിരുന്നു. 11 ഗോളുകൾ ഇതുവരെ ടൂർണമെന്റിൽ നേടിയ കേരളം നാലുഗോളുകൾ മാത്രമാണ് വഴങ്ങിയത്.ആറുഗോളുകൾ വീതം നേടിയ നസീബ് റഹ്മാനും മുഹമ്മദ് അജ്സലുമാണ് കേരളത്തിന്റെ തുറുപ്പുചീട്ടുകൾ. നായകൻ നിജോ ഗിൽബർട്ട്, മനോജ്, ഗോളി ഹജ്മൽ തുടങ്ങിയ താരങ്ങൾ മികച്ച ഫോമിലാണെന്നതാണ് കേരളത്തിന്റെ പ്രതീക്ഷകൾക്ക് നിറം പകരുന്നത്.

ഗ്രൂപ്പ് ബിയിലെ അഞ്ചുമത്സരങ്ങളിൽ രണ്ട് വിജയങ്ങൾ നേടുകയും ഒരു സമനിലയും രണ്ട് തോൽവികളും വഴങ്ങുകയും ചെയ്ത് ഏഴുപോയിന്റുമായാണ് കാശ്മീർ നാലാം സ്ഥാനക്കാരായത്. ആദ്യ മത്സരങ്ങളിൽ പശ്ചിമ ബംഗാളിനോടും സർവീസസിനോടും തോറ്റിരുന്ന ജമ്മുകാശ്മീർ മൂന്നാം മത്സരത്തിൽ മണിപ്പൂരിനെ സമനിലയിൽ പിടിക്കുകയും അവസാന രണ്ട് മത്സരങ്ങളിൽ തെലങ്കാനയേയും രാജസ്ഥാനേയും തോൽപ്പിക്കുകയും ചെയ്താണ് ക്വാർട്ടറിലേക്ക് കടന്നത്.

പശ്ചിമ ബംഗാൾ സെമിയിൽ

ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ഒഡിഷയെ 3-1ന് തോൽപ്പിച്ച് പശ്ചിമ ബംഗാൾ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. 25-ാം മിനിട്ടിൽ രാകേഷ് ഓറമിലൂടെ ഒഡിഷയാണ് ആദ്യം ഗോളടിച്ചതെങ്കിലും ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ നരോ ഹരി ശ്രേഷ്ഠയിലൂടെ ബംഗാൾ സമനില പിടിച്ചു. രണ്ടാം പകുതിയിൽ റോബി ഹൻസ്ദയും മനോതോസ് മജിയും നേടിയ ഗോളുകൾക്ക് ബംഗാൾ സെമിയിലെത്തുകയും ചെയ്തു.

ഗ്രൂപ്പ് റൗണ്ടിലെ കളി

കേരളം

1. ആദ്യ മത്സരത്തിൽ ഗോവയ്ക്കെതിരെ 4-3ന് ജയം

2. രണ്ടാം മത്സരത്തിൽ 1-0ത്തിന് മേഘാലയയെ വീഴ്ത്തി.

3. ഒഡിഷയെ തുരത്തിയത് മറുപ‌ടിയില്ലാത്ത രണ്ടു ഗോളിന്

4. ഡൽഹിക്കെതിരെ എതിരില്ലാത്ത മൂന്നുഗോൾ ജയം

5. തമിഴ്നാടുമായി 1-1ന് സമനില

ജമ്മു കാശ്മീർ

1.ആദ്യ മത്സരത്തിൽ 3-1ന് പശ്ചിമ ബംഗാൾ തോൽപ്പിച്ചു

2.രണ്ടാം മത്സരത്തിൽ സർവീസസ് തോൽപ്പിച്ചത് 4-0ത്തിന്

3. മൂന്നാം മത്സരത്തിൽ മണിപ്പൂരിനോട് 1-1ന് സമനില

4. തെലങ്കാനയ്ക്ക് എതിരെ 3-0ത്തിന് ആദ്യ ജയം

5.രാജസ്ഥാനെ 1-0ത്തിന് കീഴടക്കി ക്വാർട്ടറിൽ ഇടംപിടിച്ചു

1, നിലവിലെ ഫോമിൽ ക്വാർട്ടറിൽ ജമ്മു കാശ്മീരിനെ കീഴടക്കുക കേരളത്തിന് അത്രവലിയ വെല്ലുവിളിയല്ല. എന്നാൽ സെമിയിലേക്ക് എത്തുമ്പോൾ കഥമാറും.

2. പശ്ചിമ ബംഗാൾ സെമിയിലെത്തിക്കഴിഞ്ഞു. മണിപ്പൂർ,മേഘാലയ,സർവീസസ് എന്നീ കരുത്തന്മാർ അവസാന നാലിൽ ഇടം പിടിച്ചേക്കാം.

3. ഇവരെ സെമിയിലും ഫൈനലിലും മറികടന്ന് കിരീടം നേടുകയെന്നതാണ് ക്വാർട്ടർ കടന്നാൽ കേരളത്തിന്റെ മുന്നിലുള്ള വെല്ലുവിളി.