d

ചെന്നൈ: അണ്ണാ സർവകലാശാല ക്യാമ്പസിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയെ ക്രൂരമായി മാനഭംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. സർവകലാശാലാ പരിസരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ജ്ഞാനശേഖരനാണ് (37) പിടിയിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതി പെൺകുട്ടിയുടെ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. കവർച്ച ഉൾപ്പെടെ ഏഴോളം കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതി പീഡന ദൃശ്യങ്ങൾ പകർത്തിയതായും 40 മിനിട്ടോളം പെൺകുട്ടിയെ തടവിലാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. പെൺകുട്ടിയും സുഹൃത്തും ഒന്നിച്ചുള്ള വീഡിയോ പകർത്തി. പറയുന്നത് അനുസരിച്ചില്ലെങ്കിൽ മാതാപിതാക്കൾക്കും കോളേജ് അധികൃതർക്കും വീഡിയോ അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. രക്ഷപ്പെടും മുമ്പ്, വിദ്യാർത്ഥിയുടെ ഫോൺ നമ്പർ വാങ്ങുകയും എപ്പോൾ വിളിച്ചാലും തന്നെ കാണണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതിനിടെ സംഭവത്തെ തുടർന്ന് സർവകലാശാലയിലും തമിഴ്നാട്ടിൽ വിവിധയിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. വിദ്യാർത്ഥികൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തെത്തുടർന്ന് അധികൃതരും പൊലീസും സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. സർവകലാശാലയിലെ സുരക്ഷ വർദ്ധിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം. രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയും ആൺസുഹൃത്തും പള്ളിയിൽ നിന്ന് തിരികെയെത്തുമ്പോൾ രണ്ടു പേർ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ശേഷം അക്രമികൾ രക്ഷപ്പെട്ടു. പിന്നാലെ പെൺകുട്ടി പൊലീസിൽ പരാതി നൽകി.

പ്രതി ഡി.എം.കെ പ്രവർത്തകനെന്ന്

അറസ്റ്റിന് പിന്നാലെ പ്രതി ഡി.എം.കെ പ്രവർത്തകനാണെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. ഡി.എം.കെ നേതാക്കൾക്കൊപ്പം നിൽക്കുന്ന പ്രതിയുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനുമൊപ്പമുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയമാണെന്നാരോപിച്ച് വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.

പ്രതിപക്ഷം വിഷയം രാഷ്ട്രീയവത്കരിക്കുകയാണ്. ഇത്തരം

സംഭവങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കും.

-ഗോവി ചെഴിയൻ

തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി

പ്രതി ഡി.എം.കെ പ്രാദേശിക പ്രവർത്തകൻ. സ്ഥിരംകുറ്റവാളിയാണ്. ഇയാൾക്കെതിരെയുള്ള കേസുകളിൽ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഡി.എം.കെ നേതാക്കളുടെ സമ്മർദ്ദം മൂലമാണ് അന്വേഷണം നടക്കാത്തത്. ഇത് കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മുഖ്യമന്ത്രി സ്റ്റാലിൻ തയ്യാറാകുമോ.

-കെ. അണ്ണാമലൈ

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ