ind-vs-aus

മെല്‍ബണ്‍: നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഓസീസ് തൂക്കുമെന്ന് തോന്നിച്ചെങ്കിലും തിരിച്ചടിച്ച് ഇന്ത്യ. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് ബുംറയെ സിക്‌സറുകളുള്‍പ്പെടെ ഒരാവറില്‍ പായിച്ച 18 റണ്‍സ്. 19കാരനുമായി കൊമ്പ് കോര്‍ത്ത വിരാട് കൊഹ്ലി. മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം സംഭവബഹുലമായിരുന്നു. കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ക്ക് മികച്ച തുടക്കമാണ് സാം കോണ്‍സ്റ്റസ് (60), ഉസ്മാന്‍ ഖ്വാജ (57) സഖ്യം നല്‍കിയത്. 89 റണ്‍സ് ചേര്‍ത്ത സഖ്യത്തെ ഖ്വാജയെ പുറത്താക്കി ബുംറയാണ് പിരിച്ചത്. ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി കോണ്‍സ്റ്റാസ് പുറത്താകുമ്പോള്‍ 65 പന്തുകളില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സും നേടിയിരുന്നു. പിന്നീട് വന്ന മാര്‍ണസ് ലാബുഷെയ്ന്‍ (72), സ്റ്റീവന്‍ സ്മിത്ത് (68*) എന്നിവരും അര്‍ദ്ധ സെഞ്ച്വറി നേടിയതോടെ ഓസീസ് 237ന് രണ്ട് എന്ന ശക്തമായ നിലയില്‍.

അവിടെ നിന്ന് ഒമ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ലാബുഷെയ്ന്‍, ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (4) എന്നിവര്‍ പുറത്തായപ്പോള്‍ സ്‌കോര്‍ 246ന് അഞ്ച് എന്ന നിലയില്‍. പിന്നീട് വന്ന വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി (31) സ്മിത്തിന് മികച്ച പിന്തുണ നല്‍കിയെങ്കിലും ടീം സ്‌കോര്‍ 299ല്‍ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ പന്തിന് ക്യാച്ച് നല്‍കി മടങ്ങി. എട്ടാമനായി ക്രീസിലെത്തിയ നായകന്‍ പാറ്റ് കമ്മിന്‍സ് (8*) സ്മിത്തിനൊപ്പം കൂടുതല്‍ നഷ്ടങ്ങളുണ്ടാകാതെ ഒന്നാം ദിനം അവസാനിപ്പിച്ചു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, ആകാശ് ദീപ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.