
കാനഡയിലെ സെൻറ് മേരീസ് യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ കോ-ഓപ്പറേറ്റീവ് മാനേജ്മന്റ് സഹകരണ മേഖലയുമായി ബന്ധപ്പെട്ട് നിരവധി ഓൺലൈൻ, പാർടൈം, റെഗുലർ, ഹൈബ്രിഡ് മോഡിലുളള കോഴ്സുകൾ ഓഫർ ചെയ്യുന്നു. സഹകരണ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് തൊഴിലിനോടൊപ്പം ചെയ്യാവുന്ന നിരവധി കോഴ്സുകളുണ്ട്. ബിരുദധാരികൾക്ക് ചെയ്യാവുന്ന മൂന്ന് വർഷത്തെ മാസ്റ്റർ ഒഫ് കോ-ഓപ്പറേറ്റീവ്സ് & ക്രെഡിറ്റ് യൂണിയൻസ് പ്രോഗ്രാം ഓൺലൈൻ, പാർടൈം മോഡിൽ ചെയ്യാം. കൂടാതെ 16 മാസത്തെ ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മന്റ് കോഴ്സ് ഓൺലൈൻ/പാർടൈം മോഡിൽ ചെയ്യാം.10 മാസത്തെ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുണ്ട്. കൂടാതെ ക്രെഡിറ്റ് യൂണിയൻ, ലീഡർഷിപ് എന്നിവയിൽ ഹ്രസ്വകാല കോഴ്സുകളുമുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ ഉത്ഭവം, ആഗോള സമ്പദ്വ്യവസ്ഥ, എന്റർപ്രൈസ് മോഡൽ, ഭരണനിർവഹണം, തന്ത്രങ്ങൾ, ഇനവേഷൻ, അക്കൗണ്ടിംഗ് & ഫിനാൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, മാർക്കറ്റിംഗ് , ഓർഗനൈസേഷണൽ ബിഹേവിയർ & ലീഡർഷിപ്, ഡൈവേഴ്സിറ്റി, പോളിസി, കോ-ഓപ്പറേറ്റീവ് ഇക്കോസിസ്റ്റംസ് എന്നിവ കോ-ഓപ്പറേറ്റീവ് മോഡലുമായി ബന്ധപ്പെട്ട കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിരുദാനന്തര പ്രോഗ്രാമുകളുടെ ഭാഗമായി ഗവേഷണ പ്രോജക്ടുകളുമുണ്ട്. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.www.smu.ca, www.managementstudies.coop
സ്വാമി വിവേകാനന്ദ മെരിറ്റ് സ്കോളർഷിപ്
പ്രതിവർഷ കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് സ്വാമി വിവേകാനന്ദ മെരിറ്റ് സ്കോളർഷിപ് 2025 നു ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. 10 , 12 ക്ലാസ്സുകളിൽ 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ബി.എ, ബി.കോം കോഴ്സിന് പ്രതിവർഷം 12000 രൂപയും, ബി.എസ് സി, ബി.സി.എ കോഴ്സിന് 18000 രൂപയും സ്കോളർഷിപ് ലഭിക്കും. എം.ബി.ബി.എസ്, ബി.ഡി.എസ്, നഴ്സിംഗ് പ്രോഗ്രാമിന് പ്രതിവർഷം 60000 രൂപ വീതം സ്കോളർഷിപ് ലഭിക്കും. ഓൺലൈനായി www.svmcm.wb.gov.inൽ അപേക്ഷിക്കാം.
യു.കെയിൽ സൈക്യാട്രി
ഡോക്ടർമാർക്ക് അവസരം
തിരുവനന്തപുരം: സൈക്യാട്രിയിൽ സ്പെഷ്യലൈസ്ചെയ്ത ഡോക്ടർമാർക്ക് ഇംഗ്ലണ്ടിലെ വെയിൽസ് എൻ.എച്ച്.എസിൽ ജോലിക്കുള്ള റിക്രൂട്ട്മെന്റ് നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്നു. തെലങ്കാനയിലെ ഹൈദരാബാദിലെ വിവാന്ത ബെഗംപേട്ടിൽ ജനുവരി 24 മുതൽ 26 വരെ നടക്കുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ ദേശീയ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചാണ് അഭിമുഖം നടത്തുക. കുറഞ്ഞത് 4 വർഷം പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം.പി.എൽ.എ.ബി ആവശ്യമില്ല.www.nifl.norkaroots.org എന്ന വെബ്സൈറ്റ് വഴി ജനുവരി 8നകം അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക് 0471-2770536, 539, 540, 577, 1800 425 3939 (ടോൾ ഫ്രീ നമ്പർഇന്ത്യയിൽ നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോൾ സർവ്വീസ്).
ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷ മാറ്റി
കൊല്ലം: ജനുവരി 19ന് നിശ്ചയിച്ചിരുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രണ്ടാം സെമസ്റ്റർ യു.ജി/പി.ജി പരീക്ഷകൾ (2023 ജൂലായ് അഡ്മിഷൻ-ബാച്ച് 3) ഫെബ്രുവരി 9ലേക്ക് മാറ്റി. മറ്റ് പരീക്ഷാ തീയതികൾക്ക് മാറ്റമില്ല. പുനഃക്രമീകരിച്ച പരീക്ഷാ ടൈം ടേബിൾ ലഭ്യമാക്കിയിട്ടുണ്ട്. എക്സാമിനേഷൻ അഡ്മിറ്റ് കാർഡുകൾ സർവകലാശാല അറിയിക്കുന്ന തീയതി മുതൽ സ്റ്റുഡന്റ്സ് ഡാഷ് ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
തിരുവനന്തപുരം : മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശന www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫീസടച്ച് ബന്ധപ്പെട്ട കോളേജിൽ 31ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മുമ്പ് പ്രവേശനം നേടണം.
യു.ജി.സി/ സി.എസ്.ഐ.ആർ- നെറ്റ് പരിശീലനം
തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജ് ഭൗതികശാസ്ത്ര വകുപ്പ്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന ഫിസിക്സ് യു.ജി.സി/സി.എസ്.ഐ.ആർ- നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ വിഭാഗത്തിലുള്ളവർക്കും വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ള എ.പി.എൽ വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാം. ബിരുദാനന്തര ബിരുദം ഒന്നാം വർഷ പരീക്ഷയിൽ 55 ശതമാനം മാർക്കുള്ളവരോ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവരോ ആയിരിക്കണം. അപേക്ഷ ഫോമും വിജ്ഞാപനവും www.minoritywelfare.keralagov.in, www.mic.ac.in ൽ ലഭിക്കും. അവസാന തീയതി ജനുവരി 1. കൂടുതൽ വിവരങ്ങൾക്ക്: 9447342941(ഡോ.ജോൺ ജേക്കബ്, ഫിസിക്സ് വിഭാഗം മേധാവി).