nirmala

കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച നിരക്ക് 6.5 ശതമാനമാകുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആദ്യ ആറ് മാസങ്ങളിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വ്യവസായ, വാർഷിക മേഖലയിലെ ഉണർവ് അനുകൂല ഘടകമാണെന്ന് മന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു. ജൂലായ്-സെപ്ത‌ംബർ കാലയളവിൽ ജി.ഡി.പി വളർച്ച 5.4 ശതമാനമായി താഴ്‌ന്നിരുന്നു. വിപണിയിലെ പണ ലഭ്യത കുറയ്ക്കാനുള്ള റിസർവ് ബാങ്ക് ഇടപെടലുകളും ഉയർന്ന പലിശ നിരക്കും ഉപഭോഗത്തെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാം പകുതിയിൽ ഉപഭോഗം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

ആദായ നികുതി നിരക്കുകൾ കുറച്ചേക്കും

വിപണിയിൽ ഉണർവ് സൃഷ്‌ടിക്കുന്നതിനായി അടുത്ത കേന്ദ്ര ബഡ്‌ജറ്റിൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ളവരുടെ ആദായ നികുതി നിരക്കുകൾ കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നുവെന്ന് രാജ്യാന്തര ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിലവിൽ മൂന്ന് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ അഞ്ച് മുതൽ 20 ശതമാനം വരെ അദായ നികുതിയാണ് നൽകുന്നത്. തീരുമാനം യാഥാർത്ഥ്യമായാൽ ഇടത്തരക്കാരായ ലക്ഷക്കണക്കിന് നികുതിദായകർക്ക് അനുഗ്രഹമാകും. എന്നാൽ എത്രമാത്രം കുറവുണ്ടാകുമെന്ന് വ്യക്തമല്ല.