mohan-lal

നടന്‍ മോഹന്‍ലാലും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ താരകുടുംബത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ ആകാംഷയോടെയാണ് നോക്കികാണുന്നത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ മകന്‍ പ്രണവ് മോഹന്‍ലാലിനും നിരവധി ആരാധകരുണ്ട്. മകള്‍ വിസ്മയ സിനിമ മേഖലയിലേക്ക് പ്രവേശിച്ചിട്ടില്ല. അങ്ങനെയൊരു സാദ്ധ്യതയെക്കുറിച്ച് ഒരു റിപ്പോര്‍ട്ടുകളും ഇതുവരെ ഒരിടത്തും വന്നിട്ടുമില്ല.

മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ മമ്മൂട്ടിയും ശ്രീനിവാസനുമെല്ലാം അല്‍പ്പം കാര്‍ക്കശ്യക്കാരാണെങ്കിലും മോഹന്‍ലാല്‍ അങ്ങനെയല്ല. മക്കളെ അവരുടെ ഇഷ്ടത്തിന് ജീവിക്കാനാണ് താരവും ഭാര്യ സുചിത്രയും നിര്‍ദേശിച്ചിട്ടുള്ളത്. ഇത് ലാലേട്ടന്‍ തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. അച്ഛന്‍ വലിയ താരമാണെന്ന രീതിയില്‍ പ്രണവും ഒരിക്കലും പെരുമാറാറില്ല. സ്വന്തം വഴിയില്‍ സഞ്ചരിക്കുന്ന ചെറുപ്പക്കാരനെന്ന നിലയിലാണ് പ്രണവ് അറിയപ്പെടുന്നത് പോലും. ജോലി ചെയ്യുക പണം സമ്പാദിക്കുക കറങ്ങി നടക്കുക എന്ന യൂറോപ്യന്‍ രീതിയാണ് പ്രണവ് പുലര്‍ത്തുന്നതും.

ഇപ്പോഴിതാ മക്കളായ പ്രണവിനേയും വിസ്മയയേയും കുറിച്ച് അച്ഛനായ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പിതാവെന്ന അധികാരം ഉപയോഗിച്ച് ഒരു കടുംപിടുത്തത്തിനും നില്‍ക്കാതെ സ്വപ്നങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും പിന്നാലെ സഞ്ചരിക്കാന്‍ രണ്ട് മക്കളേയും മോഹന്‍ലാല്‍ അനുവദിച്ചു. വല്ലപ്പോഴും മാത്രം സിനിമയില്‍ അഭിനയിക്കുന്ന പ്രണവിനെ സ്ഥിരമായി അഭിനയിക്കണമെന്നോ അതില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നോ മോഹന്‍ലാല്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല.

ചേട്ടനെപ്പോലെ തന്നെ വിസ്മയയും സ്റ്റാര്‍ കിഡ് എന്ന ലേബലില്‍ ജീവിക്കാന്‍ താല്‍പര്യമില്ലാത്തയാളാണ്.ചേട്ടനൊപ്പവും കൂട്ടുകാര്‍ക്കൊപ്പവുമെല്ലാം വിസ്മയയും യാത്രകള്‍ നടത്താറുണ്ട്. അച്ഛനെപോലെ ആയോധന കലകള്‍ വിസ്മയയ്ക്കും ഇഷ്ടമാണ്. തായ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചിട്ടുണ്ട്. യാത്രകളും എഴുത്തും വായനയുമാണ് വിസ്മയയുടെ ഇഷ്ട മേഖലകള്‍. പ്രണവിന്റെ സിനിമകളെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ഒരു അഭിമുഖത്തില്‍ നേരിട്ട ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.

'പ്രണവ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന ആളല്ല. വളരെ മിതമായി മാത്രം സിനിമ ചെയ്യുന്ന ആളാണ്. ഇപ്പോള്‍ അദ്ദേഹം പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു. പിന്നെ ഉപദേശം നല്‍കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഉപദേശം നല്‍കുക എന്നത് ചെറിയ കാര്യമല്ല. ഉപദേശം നല്‍കാന്‍ മാത്രം വലിയൊരു ആളുമല്ല ഞാന്‍. എന്റെ മക്കള്‍ രണ്ടുപേരും അവരുടെ ജീവിതം ആസ്വദിക്കുകയാണ്. അതിനുള്ള എല്ലാ സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്. അവരൊരിക്കലും ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തിട്ടില്ല.'