
കെ.ആർ. ഗോകുൽ, എസ്‌തർ അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശാന്തമീരാത്രിയിൽ എന്നു പേരിട്ടു. സിദ്ധാർത്ഥ് ഭരതൻ, കൈലാഷ്, ജീൻ പോൾ ലാൽ, ടിനിടോം, വിജി വെങ്കിടേഷ്, മാല പാർവതി, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റു താരങ്ങൾ. ജാസി ഗിഫ്‌റ്റാണ് സംഗീതം. 20 വർഷങ്ങൾക്കുശേഷം ജയരാജും ജാസി ഗിഫ്‌ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ന്യൂജനറേഷൻ സിനിമയുടെ ബാനറിൽ ജയരാജ്, റോൾഡ് തോമസ് ജെയിംസ് വലിയപറമ്പിൽ, സുനിൽ സക്കറിയ, ജോർജ് കുരുവിള, ജോബി ജോസ്, സാവിയോ ജോസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
വിഘ്‌നേഷ്, നവീൻ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിക്കുന്നു. സൂരജ് ഇ.എസ് ആണ് എഡിറ്റർ. ആടുജീവിതം സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് കെ.ആർ.ഗോകുൽ. ചെറിയ ഇടവേളയ്ക്കുശേഷം മലയാളത്തിൽ എസ്‌തർ അനിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് . 2022ൽ ജാക്ക് ആൻഡ് ജിൽ ആണ് എസ്‌തർ അനിലിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. പാച്ചും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച വിജി വെങ്കിടേഷ് അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് ശാന്തമീരാത്രിയിൽ .പാച്ചുവും അത്ഭുതവിളക്കും സിനിമയിൽ ഉമ്മച്ചി എന്ന കഥാപാത്രമായി എത്തി പ്രേക്ഷക മനസിൽ കയറിയ വിജി വെങ്കിടേഷ് മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് സംവിധാനം ചെയ്യുന്ന ഡൊമനിക് ആൻഡ് ദ ലേഡീസ് പഴ്‌സിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഡൊമനിക് ആൻഡ് ദ ലേഡീസ് പഴ്സ് റിലീസിന് ഒരുങ്ങുകയാണ്.