മുറപ്പെണ്ണ് മുതൽ മനോരഥങ്ങൾ വരെ,
എം.ടി തിരക്കഥയിൽ െഎ.വി. ശശിക്കും
ഹരിഹരനും 11 സിനിമകൾ വീതം
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ മമ്മൂട്ടി

എം.ടി. എന്ന രണ്ടക്ഷരത്തിനും എം.ടി. തിരക്കഥകൾക്കും എന്നും പൊന്നുംവിലയായിരുന്നു. എം.ടി.യുടെ ഒരു തിരക്കഥ ലഭിക്കാൻ പ്രിയദർശൻ കാത്തിരുന്നത് വർഷങ്ങൾ. എം.ടി. കഥകൾക്ക് കൊതിക്കുന്ന സംവിധായകരുടെ എണ്ണം നിർണ്ണയിക്കാനും കഴിയില്ല. എം.ടി.യുടെ കഥാപാത്രങ്ങൾ അതിശക്തരാണ്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എം.ടി.യുടേതായ ഭാഷയും പ്രതലവും ഉണ്ട്. എം.ടി. സിനിമകൾക്ക് ലഭിച്ചത് ഏഴു ദേശീയ അംഗീകാരങ്ങളാണ്. എം.ടി.യുടെ സംവിധാനത്തിൽ 1973ൽ പുറത്തിറങ്ങിയ നിർമ്മാല്യത്തിന് ലഭിച്ചത് മികച്ച സിനിമ എന്ന ദേശീയ അംഗീകാരം.
ഒരു വടക്കൻ വീരഗാഥ, കടവ്, സദയം, പരിണയം  എന്നീ ചിത്രങ്ങൾക്കും മികച്ച തിരക്കഥ പുരസ്കാരം .കടവിന് മികച്ച മലയാള ചിത്രത്തിനുള്ള അംഗീകാരവും ലഭിച്ചു. എം.ടി. സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരിക്ക് മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനുള്ള ദേശീയ അംഗീകാരം.എം.ടി. ചിത്രങ്ങൾക്ക് ലഭിച്ചത് 21 സംസ്ഥാന പുരസ്കാരങ്ങളാണ്. നിർമ്മാല്യത്തിനും കടവിനും മൂന്നു അംഗീകാരങ്ങൾ വീതം. 
ഓളവും തീരവും സംസ്ഥാന അംഗീകാരം നേടി. പഴശ്ശിരാജയ്ക്കും ലഭിച്ചു സംസ്ഥാന പുരസ്കാരം .എം.ടി തൂലികയിൽ പിറന്ന അവസാന ഫീച്ചർ ചിത്രം ഹരിഹരൻ സംവിധാനം ചെയ്ത ഏഴാമത്തെ വരവ് ആണ്. മുറപ്പെണ്ണ് ആണ് എം.ടി.യുടെ ആദ്യ തിരക്കഥ. എ. വിൻസെന്റിന്റെ സംവിധാനത്തിൽ പിറന്ന ചിത്രത്തിൽ ശാരദയും മധുവുമാണ് പ്രധാന താരങ്ങൾ. പി. ഭാസ്കരന്റെ സംവിധാനത്തിൽ ഇരുട്ടിന്റെ ആത്മാവ്, പി.എൻ. മേനോന്റെ സംവിധാനത്തിൽ ഓളവും തീരവും ,കുട്ട്യേടത്തി. നിർമ്മാല്യം ആണ് എം.ടിയുടെ ആദ്യ സംവിധാന സംരംഭം.കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ കന്യാകുമാരി എന്ന മികച്ച കലാസൃഷ്ടി പിറന്നു. ഈ സിനിമയിലൂടെയാണ് കമൽഹാസൻ നായകനാവുന്നത്. 
ജഗതി ശ്രീകുമാറിന്റെ അരങ്ങേറ്റ ചിത്രവും. ഒാപ്പോൾ എന്ന ചിത്രവും എം.ടിയുടെ തിരക്കഥയിലാണ് കെ. എസ്.സേതുമാധവൻ സംവിധാനം ചെയ്തത്. കെ.എസ്. േസതുമാധവന്റെ അവസാന ചിത്രമായ വേനൽക്കിനാവുകൾ എം.ടിയുടെ തിരക്കഥയിലായിരുന്നു.യൂസഫലി കേച്ചേരിയുടെ സംവിധാനത്തിലാണ് നീലത്താമര ആദ്യമായി വിരിയുന്നത്. ഐ.വി. ശശിയുടെയും ഹരിഹരന്റെയും 11 സിനിമകൾക്ക് എം.ടി തിരക്കഥ എഴുതി . തൃഷ്ണ, ഉയരങ്ങളിൽ, അക്ഷരങ്ങൾ, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, ഇടനിലങ്ങൾ, രംഗം, മിഥ്യ, അനുബന്ധം, അഭയം തേടി എന്നീ ചിത്രങ്ങൾ എം.ടി. തിരക്കഥയിൽ ഐ.വി. ശശി ഒരുക്കി .ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തു മൃഗങ്ങൾ, വെള്ളം, നഖക്ഷതങ്ങൾ, പഞ്ചാഗ്നി, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശി രാജ, ഏഴാമത്തെ വരവ് എന്നിവയാണ് ഹരിഹരൻ ചിത്രങ്ങൾ. എ. വിൻസെന്റിന്റെ സംവിധാനത്തിൽ മുറപ്പെണ്ണ്, നഗരമേ നന്ദി, അസുരവിത്ത്, നിഴലാട്ടം എന്നീ നാല് ചിത്രങ്ങളാണ് എത്തിയത് .എം.ടി.യുടെ ആദ്യ തിരക്കഥയിൽ പിറന്ന മുറപ്പെണ്ണ് റിലീസ് ചെയ്തിട്ട് ഡിസംബർ 24 ന് 59 വർഷം പിന്നിടുമ്പോഴാണ് കഥാകാരന്റെ വിയോഗം.വിൽക്കാനുണ്ട് സ്വപ്നങ്ങളിലൂടെ ആസാദും പെരുന്തച്ചനിലൂടെ അജയനും ദയയിലൂടെ വേണുവും തീർത്ഥാടനത്തിലൂടെ ജി.ആർ. കണ്ണനും സ്വതന്ത്ര സംവിധായകരായി.
എം.ടി. സൃഷ്ടിച്ച ഇന്ദിര എന്ന കഥാപാത്രത്തിലൂടെയാണ് താൻ ഇന്നും അറിയപ്പെടുന്നതെന്ന് നടി ഗീത എത്രയോ വട്ടം പറഞ്ഞു. പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെയാണ് അന്യഭാഷക്കാരിയായ ഗീതയുടെ അഭിനയയാത്ര ആരംഭിക്കുന്നത് . 
എം.ടി. കഥാപാത്രത്തിന് ജീവനേകാൻ പുതിയകാലത്ത് താരങ്ങൾ കൊതിക്കുന്നു. മനോരഥങ്ങൾ എന്ന എം.ടി. ആന്തോളജിയിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം പുതു തലമുറയിലെ ഒട്ടുമിക്ക താരങ്ങളും അണി നിരന്നു. ഫഹദ് ഫാസിൽ, ബിജുമേനോൻ, ആസിഫ് അലി,നരേൻ, പാർവതി തിരുവോത്ത്, അപർണ ബാലമുരളി, ആൻ അഗസ്റ്റിൻ, ദുർഗ കൃഷ്ണ,  അനുമോൾ, ഹരീഷ് ഉത്തമൻ, ശിവദ, മധുബാല,  സുരഭി ലക്ഷ്മി, സഞ്ജു ശിവറാം എന്നിവർ ആദ്യമായി എം.ടി.  കഥാപാത്രമായി.വർഷങ്ങൾക്കുശേഷം നദിയ മൊയ്തുവും എം.ടി കഥാപാത്രത്തിന് ജീവൻ നൽകി. കൈലാഷ് , അർച്ചന കവിഎന്നിവർ ആദ്യമായി മുഖം കാണിക്കുന്നത് പുതിയ നീലത്താമരയിലൂടെയായിരുന്നു.മനോരഥങ്ങളിലെ ഓളവും തീരവും, ശിലാലിഖിതം  എന്നീ ചെറു ചിത്രങ്ങൾ സംവിധാനം ചെയ്തത് പ്രിയദർശനും.
എം.ടി തന്ന 110 രൂപ,
ആ കസവു സാരി ഇന്നും സൂക്ഷിച്ച്
കുട്ട്യേടത്തി വിലാസിനി
നാടകത്തിലൂടെ കോഴിക്കോട് വിലാസിനി എന്ന് അറിയപ്പെട്ടെങ്കിലും കുട്ട്യേടത്തി വിലാസിനി എന്ന വിലാസം നൽകിയത് എം.ടി. 1971 ൽ പി.എൻ. സംവിധാനം ചെയ്ത കുട്ട്യേടത്തി എന്ന ചിത്രത്തിൽ മാളൂട്ടി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിലാസിനി ആയിരുന്നു. എം.ടിയുടെ തിരക്കഥയിലാണ് കുട്ട്യേടത്തി . അഡ്വാൻസായി എം.ടി 110 രൂപ വിലാസിനിക്ക് നൽകി.
വസ്ത്രത്തോട് വലിയ കമ്പം ഉണ്ടായിരുന്ന വിലാസിനി അന്നത്തെ ഫാഷനുള്ള കസവ് സാരി വാങ്ങി. ആ സാരി വിലാസിനി ഇന്നും ഭദ്രമായി സൂക്ഷിക്കുന്നു. മരിച്ചുകഴിഞ്ഞാൽ തന്നെ അതെടുത്ത് പുതപ്പിക്കണമന്ന് പേരക്കുട്ടിയോട് പറഞ്ഞിട്ടുണ്ട്.
''ലോകം മുഴുവൻ താൻ കുട്ട്യേടത്തി വിലാസിനിയായി അറിയപ്പെടാൻ കാരണം വാസുവേട്ടനാണ്. നൂറ് വയസുവരെയെങ്കിലും വാസുവേട്ടൻ ജീവിക്കണമെന്ന് ഞാൻ നേർച്ചകൾ നേർന്നിരുന്നു. അദ്ദേഹത്തോട് ബഹുമാനവും സ്നേഹവും ആരാധനയുമാണ്."" കുട്ട്യേടത്തി വിലാസിനി പറഞ്ഞു.
കുട്ട്യേടത്തിയിലെ അഭിനയത്തിന് വിലാസിനിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മാളൂട്ടിയെ പോലെ തന്റേടിയായ കഥാപാത്രം കുട്ട്യേടത്തി വിലാസിനിക്ക് പിന്നീട് ലഭിച്ചതുമില്ല.സിനിമ വിലാസിനിയോട് അത്ര സ്നേഹം കാണിച്ചില്ല.ബാലൻ കെ. നായർ, കുതിരവട്ടം പപ്പു , ബാലൻ കെ. നായരുടെ മകൻ മേഘനാഥൻ ഉൾപ്പെടെ കോഴിക്കോടുള്ള നിരവധി കലാകാരൻമാർക്കും കലാകാരികൾക്കും സിനിമയിൽ എം.ടി അവസരങ്ങൾ നൽകി.
എം.ടി. കഥാപാത്രമായി 
പ്രിയപാതിയും
എം.ടി.യുടെ അവസാന സൃഷ്ടിയായി പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രത്തിലെ കാഴ്ച എന്ന ചെറുചിത്രത്തിൽ പ്രിയപാതി കലാമണ്ഡലം സരസ്വതിയും അഭിനയിച്ചു. ആദ്യമായാണ് കലാമണ്ഡലം സരസ്വതി എം.ടി കഥാപാത്രത്തിന് ജീവനേകുന്നത്. ഒരു മുത്തശ്ശി കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാഴ്ചയിൽ പാർവതി തിരുവോത്ത്, നരേൻ, ഹരീഷ് ഉത്തമൻ എന്നിവരാണ് പ്രധാന താരങ്ങൾ.