
തിരുവനന്തപുരം: കഥകൾകൊണ്ട് മലയാളിയുടെ മനസുനിറച്ച പ്രിയ കഥാകാരനാണ് എം.ടി.വാസുദേവൻ നായരെന്ന് മന്ത്രി കെ.രാജൻ അനുസ്മരിച്ചു. നിലപാടുകളിൽ സന്ധിയില്ലാത്ത കാർക്കശ്യമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ തന്നെ സാഹിത്യ രചനകൾ തുടങ്ങിയ അദ്ദേഹം, പിന്നീട് മലയാള കഥാലോകത്ത് അതികായനായി. എണ്ണിയാലൊടുങ്ങാത്ത നോവലുകളും കഥകളും സിനിമകളും നമുക്ക് സമ്മാനിച്ച എം.ടി, ഇനിയൊരു 'രണ്ടാമൂഴം" ഇല്ലാതെ എല്ലാം തിളക്കമുള്ള ഓർമ്മകളുടെ 'വിലാപയാത്ര"യായി മലയാളികളുടെ മനസിൽ എന്നുമുണ്ടാകും. മലയാള ഭാഷ ഉള്ളിടത്തോളം എം.ടിയുടെ വാക്കുകളും കഥാപാത്രങ്ങളും മലയാളികൾക്കൊപ്പം ജീവിക്കുമെന്നും മന്ത്രി രാജൻ അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.