
കോഴിക്കോട്: എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നഎഴുത്തുകാരനാണ് എം.ടിയെന്നും മലയാള സാഹിത്യത്തിന്റേയും മലയാളിയുടേയും നഷ്ടമാണ് ഈ വിയോഗമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാസാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം.ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം.ടി.അടയാളപ്പെടുത്തി. ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്‌ക്കാരങ്ങളും എം.ടിയുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്. ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം.ടി സൃഷ്ടിച്ചത്.
ഹൃദയപക്ഷത്തെ
എഴുത്തുകാരൻ: കെ.സുധാകരൻ
കോഴിക്കോട്: എം.ടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നു. ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂർ എന്ന വള്ളുവനാടൻ ഗ്രാമത്തിന്റെ സവിശേഷമായ ഭംഗിയും ഭാഷാരീതിയും മലയാള കഥാരംഗത്ത് എം.ടിയിലൂടെ ആധിപത്യം നേടി. ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയിൽ കഥകൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം ആസ്വാദക തലങ്ങളെ വല്ലാതെ സ്പർശിച്ചിരുന്നു. എംടിയുടെ വേർപാട് സാഹിത്യ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെ.സുധാകരൻ പറഞ്ഞു.