manchester-city

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ എവർട്ടണുമായി 1-1ന് സമനിലയിൽ പിരിഞ്ഞ് മാഞ്ചസ്റ്റർ സിറ്റി. 14-ാം മിനിട്ടിൽ ബെർനാഡോ സിൽവയിലൂടെ സ്കോർ ചെയ്ത സിറ്റിയെ 36-ാം മിനിട്ടിൽ ഇലിമാൻ ൻദിയായേയിലൂടെയാണ് എവർട്ടൺ തളച്ചത്.

ഈ മാസമാദ്യം നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 3-0ത്തിന് തോൽപ്പിച്ചശേഷം മാഞ്ചസ്റ്റർ സിറ്റിക്ക് ജയിക്കാൻ കഴിയാത്ത അഞ്ചാമത്തെ മത്സരമാണിത്. ഒക്ടോബർ 26ന് ശേഷം നടന്ന 13 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് സിറ്റിക്ക് ജയിക്കാനായത്. മൂന്ന് കളികൾ സമനിലയിലായി. ബാക്കി ഒൻപത് മത്സരങ്ങളിലും തോൽക്കുകയായിരുന്നു.

ഇന്നലത്തെ സമനിലയോടെ 18കളികളിൽ നിന്ന് 28 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഏഴാം സ്ഥാനത്താണ്.16 കളികളിൽ നിന്ന് 39 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്.

സിറ്റിക്ക് ഇതെന്തുപറ്റി ?

ഒക്ടോബർ ടോട്ടൻഹാമിനോട് ഇംഗ്ളീഷ് ലീഗ് കപ്പിൽ 1-2ന് തോറ്റതോട‌െയാണ് സിറ്റിയുടെ സമയം മോശമാകാൻ തുടങ്ങിയത്.

നവംബർ രണ്ടിന് നടന്ന പ്രിമിയർ ലീഗ് മത്സരത്തിൽ ഇതേസ്കോറിന് ബേൺമൗത്തിനോടും തോൽവി ഏറ്റുവാങ്ങി.

നവംബർ ആറിന് നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്പോർ‌ട്ടിംഗ് സി.പിയോട് തോറ്റത് 1-4ന്.

നവംബർ ഒൻപതിന് പ്രിമിയർ ലീഗിൽ 2-1ന് ബ്രൈറ്റൻ പെപ്പിന്റെ കുട്ടികളെ പറപ്പിച്ചുവിട്ടു.

പിന്നാലെ 23ന് മറുപടിയില്ലാത്ത നാലുഗോളുകൾക്ക് ടോട്ടൻഹാം പ്രിമിയർ ലീഗിലും കാറ്റൂരിവിട്ടു.

അതിന് ശേഷമാണ് ഫെയനൂർദിനോട് 3-3ന് സമനില വഴങ്ങിയത്.

ഡിസംബർ ഒന്നിന് പ്രിമിയർ ലീഗിൽ ലിവർപൂൾ 2-1ന് തോൽപ്പിച്ചു.

ഡിസംബർ അഞ്ചിന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 3-0ത്തിന് തോൽപ്പിച്ചു.

ഡിസംബർ ഏഴിന് ക്രിസ്റ്റൽ പാലസിനോട് 2-2ന് സമനില.

ഡിസംബർ 12ന് ചാമ്പ്യൻസ് ലീഗിൽ യുവന്റസിനോട് 0-2ന് തോറ്റു.

ഡിസംബർ 15ന് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 1-2ന് തോൽവി.

ഡിസംബർ 21 ഇതേസ്കോറിന് ആസ്റ്റൺ വില്ലയോടും തോറ്റു.

അതിന് ശേഷമാണ് ഇന്നലെ എവർട്ടണോട് സമനില വഴങ്ങിയത്.