
കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് പുതുക്കി താഴേക്ക് നീങ്ങി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടി സൃഷ്‌ടിക്കുന്നത്. ഇന്നലെ ഡോളറിനെതിരെ രൂപ അഞ്ച് പൈസ നഷ്‌ടവുമായി 85.26ൽ വ്യാപാരം പൂർത്തിയാക്കി. ഡോളറിനെതിരെ ചൈനീസ് യുവാന്റെ മൂല്യത്തകർച്ചയും ഇറക്കുമതിക്കാരുടെ ഡോളർ ആവശ്യത്തിലെ വർദ്ധനയും ഇന്ത്യൻ രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചു. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതാണ് രൂപയ്ക്ക് നേരിയ പിന്തുണ നൽകിയത്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച ആശങ്കകളും ഉയരുന്ന വ്യാപാര കമ്മിയും രൂപയ്ക്ക് വിനയാകുമെന്ന് അനലിസ്‌റ്റുകൾ പറയുന്നു. രാജ്യത്തെ ഓഹരി വിപണി കനത്ത വിൽപ്പന സമ്മർദ്ദം നേരിടുന്നതിനാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പിന്മാറുന്നതും രൂപയുടെ മൂല്യയിടിവിന് കാരണമാകുന്നു. അടുത്ത വർഷവും രൂപ കൂടുതൽ ദുർബലമാകാനാണ് സാദ്ധ്യത.
അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന, മെക്സികോ, കാനഡ, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുത്തനെ ഉയർത്തുമെന്ന ഭീഷണി തുടരുന്നതാണ് പ്രധാന വെല്ലുവിളി.