pic

മോസ്കോ : സിറിയൻ മുൻ പ്രസിഡന്റ് ബാ​ഷ​ർ​ ​അ​ൽ-​അ​സ​ദിന്റെ ഭാര്യ അസ്‌മയ്‌ക്ക് (49) ഗുരുതര രക്താർബുദമെന്ന് റിപ്പോർട്ട്. അസ്‌മ ജീവിതത്തിലേക്ക് തിരിച്ചെത്താൻ 50 ശതമാനം മാത്രമാണ് സാദ്ധ്യതയെന്നും ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു. അണുബാധ തടയാൻ അസ്‌മയെ ഐസൊലേഷനിലാക്കി ചികിത്സിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2019ൽ അസ്‌മയ്ക്ക് സ്‌തനാർബുദം സ്ഥിരീകരിച്ചിരുന്നു. ഒരു വർഷത്തെ ചികിത്സയിലൂടെ രോഗം ഭേദമായിരുന്നു. സിറിയൻ മാതാപിതാക്കളുടെ മകളായി ലണ്ടനിൽ ജനിച്ചു വളർന്ന അസ്‌മയ്ക്ക് ബ്രിട്ടീഷ്, സിറിയൻ ഇരട്ട പൗരത്വമുണ്ട്. 2000ത്തിലാണ് അസ്‌മയും അസദും വിവാഹിതരായത്. ഹാഫിസ്, സെയ്‌ൻ, കരീം എന്നിവരാണ് ഇവരുടെ മക്കൾ.

അസ്‌മ വിവാഹമോചനത്തിന് മോസ്കോയിലെ കോടതിയിൽ അപേക്ഷ നൽകിയെന്നും യു.കെയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണെന്നും അടുത്തിടെ റിപ്പോർട്ട് പുറത്തുവന്നെങ്കിലും റഷ്യ നിഷേധിച്ചിരുന്നു. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ വിമത സേന അധികാരം പിടിച്ചെടുത്തതോടെ അസദ് രാജ്യം വിടുകയായിരുന്നു. നിലവിൽ കുടുംബവുമൊത്ത് റഷ്യയിൽ അഭയംതേടിയിരിക്കുകയാണ് അദ്ദേഹം.