
തിരുവനന്തപുരം: മുദ്ര ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതി തട്ടിയെടുത്തത് 4.70 ലക്ഷം രൂപ. സംഭവത്തില്‍ തിരുവനന്തപുരം ശാസ്തമംഗലത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന കാര്‍ത്തിക എന്ന യുവതിയെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സാഫല്യം കോംപ്ലെക്‌സിലെ വ്യാപാരികളെയാണ് കാര്‍ത്തിക കബളിപ്പിച്ച് പണം തട്ടിയത്. ലോണ്‍ തരപ്പെടുത്തി നല്‍കുന്നതിന്റെ കമ്മീഷനായിട്ടാണ് വ്യാപാരികളില്‍ നിന്ന് പണം തട്ടിയത്.
സാഫല്യം കോംപ്ലെക്‌സിലെ ഒരു കടയില്‍ വസ്ത്രം തുന്നിക്കാന്‍ കാര്‍ത്തിക എത്തുമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ വഴുതക്കാട് ശാഖയിലെ ലോണ്‍ സെക്ഷനിലാണ് ജോലി ചെയ്യുന്നതെന്നാണ് ഇവര്‍ വ്യാപാരികളിലൊരാളായ പ്രദീപിനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. 26 ലക്ഷം രൂപ ലോണായി തരപ്പെടുത്തി നല്‍കാമെന്നും താന്‍ വിചാരിച്ചാല്‍ ലോണ്‍ പാസാകുമെന്നുമാണ് കാര്‍ത്തിക പറഞ്ഞത്. ലോണ്‍ പാസാകുന്നതിന് മുമ്പ് കമ്മീഷന്‍ ഇനത്തില്‍ പണം അക്കൗണ്ടില്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രദീപ് രണ്ട് തവണയായി 94,000 രൂപയും ഒന്നര ലക്ഷം രൂപയും ഗൂഗിള്‍ പേ വഴിയും അല്ലാതെയും കാര്‍ത്തികയ്ക്ക് നല്‍കി. സുമ എന്ന മറ്റൊരു സ്ത്രീയില്‍ നിന്ന് 50,000 രൂപയും ജനീഷ് എന്ന ആളില്‍ നിന്ന് 1,75,000 രൂപയും കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും ലോണ്‍ കിട്ടാതെ വന്നപ്പോള്‍ പ്രദീപും മറ്റുള്ളവരും ചേര്‍ന്ന് കൈമാറിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് കാര്‍ത്തിക തയ്യാറാകാതെ വന്നതോടെ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. താന്‍ പണം കൈപ്പറ്റിയെന്ന് കാര്‍ത്തിക പൊലീസിന്റെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് കുറ്റം സമ്മതിച്ച കാര്‍ത്തികയെ ശാസ്തമംഗലത്തെ വാടകവീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.