
മുംബയ് : മഹാരാഷ്ട്രയിൽ ഇത്തവണ പുതുവത്സരാഘോഷം പുലർച്ചെ അഞ്ച് വരെ. ഹോട്ടലുകൾക്കും റസ്റ്രാറന്റുകൾക്കും പുലർച്ചെ അഞ്ച് വരെ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. അതേസമയം ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ വെസ്റ്റേൺ ഇന്ത്യയുടെ പുതിയ നയം അനുസരിച്ച് ഹോട്ടലുകളിൽ എത്തുന്ന അതിഥികൾക്ക് പരമാവധി നാല് ലാർജ് ഡ്രിങ്കുകൾ മാത്രമേ നൽകൂ. പ്രായപൂർത്തിയായവർക്ക് മാത്രമേ മദ്യം നൽകാൻ അനുമതിയുള്ളൂ. ഇതിനായി മദ്യപിക്കാനെത്തുന്നവരുടെ ഐ.ഡി കാർഡുകൾ പരിശോധിക്കും. മദ്യപാനവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് ഹോട്ടലുടമകൾ അറിയിച്ചു.
മദ്യപിച്ച് ലക്കുകെട്ട അതിഥികളെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കാനും ഹോട്ടലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനമുള്ളവർക്ക് വാടകയ്ക്ക് ഡ്രൈവർമാരെ ഏർപ്പാടാക്കി നൽകുന്നതും ഓല, ഊബർ സേവനങ്ങൾ ബുക്ക് ചെയ്ത് കൊടുക്കുന്നതും ഇതിന്റെ ഭാഗമാണ്.
പൂനെയിൽ പ്രായപൂർത്തിയാകാത്തയാൾ മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രികർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മദ്യപിക്കാനെത്തുന്നവരുടെ പ്രായം പരിശോധിക്കുന്നത്. എല്ലാ അതിഥികളും പ്രത്യേകിച്ച് യുവാക്കൾ ഉൾപ്പെടെ ഹോട്ടലുകൾ സന്ദർശിക്കുമ്പോൾ ഐഡി കാർഡുകൾ കരുതണം. അനുവദിച്ച പ്രായത്തിലുള്ളവർക്ക് മാത്രമേ മദ്യം നൽകൂ. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും മോശം പെരുമാറ്റങ്ങളുണ്ടാകുന്നതും തടയുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ഹോട്ടലുടമകൾ അറിയിച്ചു.