
ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായ മന്‍മോഹന്‍ സിംഗിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് പിന്നില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു ആണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് നരസിംഹ റാവു രാഷ്ട്രീയത്തില്‍ യാതൊരു പ്രവര്‍ത്തി പരിചയവുമില്ലാതിരുന്ന മന്‍മോഹനെ തന്റെ മന്ത്രിസഭയിലെ ധനകാര്യവകുപ്പിന്റെ ചുമതല നല്‍കിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ തന്നെ ഉടച്ച് വാര്‍ക്കുന്ന തീരുമാനങ്ങളാണ് കടുത്ത എതിര്‍പ്പുകളെ പോലും മറികടന്ന് സിംഗ് നടപ്പിലാക്കിയത്.
ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ തന്നെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം നടപ്പിലാക്കിയ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ മന്‍മോഹന്‍ സിംഗ് നടപ്പിലാക്കിയ നയങ്ങള്‍ക്ക് സാധിച്ചുവെങ്കിലും തൊട്ടടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പരാജയപ്പെടുകയായിരുന്നു. ആഗോളതലത്തില്‍ സിംഗ് നേടിയ സല്‍പ്പേരും കോണ്‍ഗ്രസിനെ തുണച്ചില്ല.
അദ്ധ്യാപകനായിട്ടായിരുന്നു മന്‍മോഹന്‍ സിംഗിന്റെ തുടക്കം. വിദേശത്ത് നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം പഞ്ചാബ് സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര വിഭാഗത്തിലെ അദ്ധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1957 മുതല്‍ 1965 വരെ അദ്ധ്യാപന ജോലി ചെയ്ത ശേഷം പിന്നീട് അദ്ദേഹം ഐക്യരാഷ്ട്ര സഭയിലെ വ്യാപാര വികസന സമിതിയില്‍ ജോലി ചെയ്തു.
വിദേശ വ്യാപാര മന്ത്രാലയത്തിന്റെ ഉപദേഷ്ടാവായിട്ടാണ് മടങ്ങിയെത്തിയത്. 1972ല്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച അദ്ദേഹം 1976ല്‍ ധനകാര്യ സെക്രട്ടറിയായി നിയമിതനായി. 1980-82 കാലഘട്ടത്തില്‍ ആസൂത്രണ കമ്മീഷന്‍ അംഗമായി ചുമതലയേറ്റെടുത്തു. പിന്നീട് 1982ല്‍ അന്നത്തെ ധനകാര്യ മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലത്ത് മന്‍മോഹന്‍ സിംഗിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കുകയായിരുന്നു.