
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മിടുക്കനായ സാമ്പത്തിക വിദഗ്ദ്ധന്‍, ധനകാര്യ മന്ത്രി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി. അലങ്കരിച്ച പദവികള്‍ നിരവധിയാണെങ്കിലും ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഒരിക്കല്‍പ്പോലും തിരഞ്ഞെടുപ്പുകളില്‍ ഡോ. മന്‍മോഹന്‍ സിംഗ് വിജയിച്ചിട്ടില്ല. 1999ല്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചുവെങ്കിലും ബിജെപിയുടെ വിജയ് കുമാര്‍ മല്‍ഹോത്രയോട് 29,999 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ലോകത്തെ ഏറ്റലും വലിയ ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് പോലും ജനാധിപത്യ പ്രക്രിയക്കും മുകളിലുള്ള സ്വീകാര്യതയുടെ പിന്‍ബലത്തിലാണ്.
മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയത്. ജനപ്രിയമായ ഒട്ടനവധി കാര്യങ്ങള്‍ ധനമന്ത്രിയെന്ന നിലയില്‍ രാജ്യത്തിനായി ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കോണ്‍ഗ്രസ് എതിരാളികളില്ലാതെ മുന്നേറുന്ന കാലത്തും ഇപ്പോള്‍ മോശം അവസ്ഥയിലുള്ളപ്പോഴും മന്‍മോഹന്‍ സിംഗിനെ ശക്തികേന്ദ്രമായ ഒരു മണ്ഡലത്തില്‍ നിര്‍ത്തി വിജയിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. ഒരുപക്ഷേ അത്തരമൊരു നീക്കം നടത്താന്‍ കഴിയാത്തത് ഒരു പോരായ്മയാണെന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.
പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ 2014ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരുന്നത് അന്ന് ഉയര്‍ന്ന് വന്ന മോദി തരംഗത്തിന് മുന്നില്‍ കോണ്‍ഗ്രസ് ആദ്യമേ തോല്‍വി സമ്മതിച്ചതിന്റെ കൂടി തെളിവായി രാഷ്ട്രീയ എതിരാളികള്‍ വിശേഷിപ്പിച്ചിരുന്നു. എതിര്‍ചേരിയിലുള്ള നേതാക്കള്‍ പോലും സിംഗിന്റെ സാമ്പത്തിക നയങ്ങളെയോ ഉദാരവത്കരണ സമീപനത്തേയോ ചോദ്യം ചെയ്തിരുന്നില്ലെന്നതും എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ്.
2004ലെ പൊതു തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് യുപിഎ സഖ്യം രൂപീകരിക്കുകയും അധികാരത്തിലേറുകയും ചെയ്തു. അന്ന് സോണിയ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നാണ് ഇന്ത്യന്‍ ജനത കരുതിയിരുന്നത്. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് പഴയ ധനകാര്യ മന്ത്രിയെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് നോമിനേറ്റ് ചെയ്തത് സോണിയ ഗാന്ധി തന്നെയാണ്.