gold


രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലം


കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കയുടെ വ്യാപാര തീരുവ യുദ്ധവും വിലക്കയറ്റവും അടുത്ത വര്‍ഷം സ്വര്‍ണത്തിന് തിളക്കം വര്‍ദ്ധിപ്പിച്ചേക്കും. 2025ലെ നിക്ഷേപ താരം സ്വര്‍ണമാകുമെന്ന് അനലിസ്റ്റുകളും വ്യാപാരികളും അടിവരയിടുന്നു. നടപ്പുവര്‍ഷം ഓഹരി, കടപ്പത്രങ്ങള്‍, കമ്പോള ഉത്പന്നങ്ങള്‍ എന്നിവയുമായി താരതമ്യം ചെയ്താല്‍ നിക്ഷേപകര്‍ക്ക് ഏറ്റവുമധികം നേട്ടം സ്വര്‍ണമാണ് നല്‍കിയത്. ഇക്കാലയളവില്‍ സ്വര്‍ണ വില 25 ശതമാനത്തിലധികം ഉയര്‍ന്നു. റഷ്യ-ഉക്രെയിന്‍, ഇറാന്‍-ഇസ്രയേല്‍ യുദ്ധങ്ങളും ആഗോള മാന്ദ്യ സാഹചര്യവും ഉയരുന്ന നാണയപ്പെരുപ്പവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം വര്‍ദ്ധിപ്പിച്ചു. 2024ല്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ 500 ടണ്ണിലധികം സ്വര്‍ണം വാങ്ങികൂട്ടിയതാണ് വില ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2,091 ഡോളറില്‍ നിന്ന് 2,600 ഡോളര്‍ വരെയാണ് ഉയര്‍ന്നത്. ഒക്ടോബര്‍ 30ന് സ്വര്‍ണ വില ഔണ്‍സിന് 2,826 ഡോളറിലെത്തി റെക്കാഡിട്ടിരുന്നു. അടുത്ത വര്‍ഷവും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടിയേക്കും.


സ്വര്‍ണ ഇ.ടി.എഫ് മൂല്യം കുതിക്കുന്നു

ഇന്ത്യയില്‍ സ്വര്‍ണ അധിഷ്ഠിത എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ(ഇ.ടി.എഫ്) മൂല്യം നടപ്പുവര്‍ഷം 64 64 ശതമാനം വര്‍ദ്ധനയോടെ 44,200 കോടി രൂപയിലെത്തി. ഒരു പതിറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ വിലക്കയറ്റ കാലയളവിലൂടെയാണ് സ്വര്‍ണം നീങ്ങുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു.


കഴിഞ്ഞ വര്‍ഷം കേന്ദ്ര ബാങ്കുകള്‍ വാങ്ങിയത് 500 ടണ്ണിലധികം സ്വര്‍ണം


നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായാല്‍ സ്വര്‍ണ വില പുതുവര്‍ഷത്തില്‍ താഴേക്ക് നീങ്ങും. ഡൊണാള്‍ഡ് ട്രംമ്പ് ഇറക്കുമതി തീരുവ കുത്തനെ കൂട്ടി അനിശ്ചിതത്വം സൃഷ്ടിച്ചാല്‍ വില ഉയരങ്ങളിലേക്ക്

കുതിക്കും. - അഡ്വ. എസ്. അബ്ദുല്‍ നാസര്‍, ട്രഷറര്‍- ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍


വിലയെ സ്വാധീനിക്കുന്നത്

1. ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍

2. കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ താത്പര്യം

3. നാണയപ്പെരുപ്പത്തിലെ കുതിപ്പ്

4. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍

5. ഫെഡറല്‍ റിസര്‍വിന്റെ പലിശ കുറയ്ക്കാനുള്ള തീരുമാനം