car

ഒരു കിലോമീറ്റർ ഓടാനായി ചെലവ് വെറും 50 പൈസ മാത്രം.ഒരു ദിവസം പത്തുകിലോമീറ്റർ നയാ പൈസ മുടക്കാതെ ഓടിക്കുകയും ചെയ്യാം. സംശയിക്കേണ്ട ഇതും ഒരു കാർ തന്നെയാണ്. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ വീണ്ടും അവതരിപ്പിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ സോളാർ കാറിനാണ് ആരെയും അമ്പരപ്പിക്കുന്ന പ്രത്യേകതകൾ ഉള്ളത്. വേവ് മൊബിലിറ്റി എന്ന സ്റ്റാർട്ടപ്പ് ബ്രാൻഡാണ് വേവ് ഇവ എന്ന പേര് നൽകിയിരിക്കുന്ന സോളാർ കാറിന് പിന്നിലെ ബുദ്ധികേന്ദ്രം. മുതിർന്ന രണ്ടുപേർക്കും ഒരു കുട്ടിക്കും സുഖമായി ഇരിക്കാവുന്ന രീതിയിലുള്ള കാറിൽ കണക്‌ടിവിറ്റികളുടെ പൂരമാണെന്നും റിപ്പോർട്ടുകളുണ്ട്. 2023 ഓട്ടോ എക്സ്‌പോയിൽ ഇത് അരങ്ങേ​റ്റം കുറിച്ചിരുന്നു. ഇപ്പോൾ ഉൽപ്പാദനം തുടങ്ങിയിട്ടുണ്ട്. പ്രീലോഞ്ച് ബുക്കിംഗ് 2025 ജനുവരിയിൽ ആരംഭിക്കുമെന്നാണ് സൂചന.

സോളാർ കാറാണെന്ന് പറയുന്നുണ്ടെങ്കിലും ഇത് ശരിക്കും ഒരു ഇലക്ട്രിക് കാറാണത്രേ. ബാറ്ററി സൂര്യപ്രകാശത്തിൽ നിന്ന് സ്വയം ചാർജാവും എന്നുമാത്രം. ഹൈവോൾട്ട് പവർട്രെയിൻ സാങ്കേതികവിദ്യ സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സാദ്ധ്യമാക്കുന്നുണ്ട്. അതിനാൽ തന്നെ അഞ്ചുമിനിട്ടുകൊണ്ട് 50 കിലോമീറ്റർ അധികറേഞ്ച് ലഭിക്കും. കാറിന്റെ റൂഫിലാണ് സൗരോർജ പാനൽ ഘടിപ്പിച്ചിട്ടുള്ളത്. എവിടെയെങ്കിലും കാർ നിറുത്തിയിട്ടാൽ സോളാർ പാനൽ വഴി ബാറ്ററി ചാർജ് ആവും. അതിലൂടെ ദിവസവും കറണ്ടിനുള്ള പണം മുടക്കാതെ കുറഞ്ഞത് പത്തുകിലോമീറ്റർ സഞ്ചരിക്കാം. ഒരുവർഷം കണക്കാക്കുമ്പോൾ 3650 കിലോമീറ്റർ സൗജന്യ യാത്ര. 14 kWh ബാറ്ററി പാക്കിൽ 250 കിലോമീറ്റർ റേഞ്ചാണ് ലഭിക്കുന്നത്. നാലുമണിക്കൂർകൊണ്ട് ബാറ്ററി എൺപതുശതമാനത്തോളം ചാർജ് ചെയ്യാം.

മണിക്കൂറിൽ ശരാശരി എഴുപതുകിലോമീറ്ററാണ് പരമാവധി വേഗത. അതിനാൽത്തന്നെ നഗരയാത്രയ്ക്ക് മികച്ചതായിരിക്കും എന്നകാര്യത്തിൽ സംശമേ വേണ്ട. ആളൊരു കുഞ്ഞനായതിനാൽ എവിടെയും പാർക്കുചെയ്യാം, ബ്ലോക്കുകളിൽ കാര്യമായി പ്രശ്നമുണ്ടാക്കാതെ സഞ്ചരിക്കാം തുടങ്ങിയവും മേന്മയായിരിക്കും. നിലവിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറായ എംജി കോമറ്റിനെക്കാൾ രൂപത്തിൽ ചെറുതായിരിക്കും ഇവ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തടസമില്ലാത്ത സ്മാർട്ട്‌ഫോൺ ഇന്റഗ്രേഷൻ, വെഹിക്കിൾ ഡയഗ്‌നോസ്​റ്റിക്സ്, റിമോട്ട് മോണി​റ്ററിംഗ്, ഓവർ ദി എയർ അപ്‌ഡേ​റ്റുകൾ എന്നിവയുൾപ്പെടെ സ്മാർട്ട് കണക്ടിവിറ്റി ഫീച്ചറുകളും പുതിയ വാഹനത്തിലുണ്ടാവും.

മോണാേകോക്ക് ഷാസിയിൽ നിർമ്മിച്ചിരിക്കുന്ന വാഹനത്തിന് 3060 mm നീളവും 1150 mm വീതിയുമാണുളളത്. 1590 mm ഉയരവും 2200 mm വീൽ ബെയ്സും ഉണ്ട്. സുരക്ഷയുടെ കാര്യത്തിൽ രണ്ട് യാത്രക്കാർക്കും ഡ്രൈവർക്കും എയർബാഗും സീ​റ്റ് ബെൽ​റ്റും നൽകിയിട്ടുണ്ട്.അഞ്ചുലക്ഷത്തിൽ താഴെയാണ് വിലയെങ്കിൽ മറ്റ് കുഞ്ഞൻ ഇവികളുടെയെല്ലാം കട്ടയും പടവും മടങ്ങുമെന്ന് ഉറപ്പ്.