pathan-manjrekar

മെൽബൺ: വാർത്താ ചാനലുകളിൽ വിവിധ വിഷയങ്ങളിൽ പല ചേരികളിലുള്ള ആളുകൾ തമ്മിൽ തർക്കിക്കുന്നത് സ്ഥിരം കാഴ്‌ചയാണ്. എന്നാൽ ക്രിക്കറ്റ് മത്സരത്തെ കുറിച്ച് രണ്ട് മുൻ താരങ്ങൾ തമ്മിൽ ലൈവ് ടെലികാസ്‌റ്റിനിടെ തർക്കിക്കുന്നതാണ് ഇന്ന് ശ്രദ്ധനേടി. മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും ഇർഫാൻ പഠാനുമാണ് തമ്മിൽ തർക്കിച്ചത്. ഇ‌ന്ന് മെൽബൺ ടെസ്‌റ്റിൽ ഇന്ത്യൻ ഓപ്പണർ യശ്വസി ജയ്‌സ്വാളിന്റെ റൺഔട്ടുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

യശസ്വി ബാറ്റ് ചെയ്യവെ കൊഹ്‌ലിയായിരുന്നു നോൺ സ്‌ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്നത്. റൺഔട്ടിന് കാരണം കൊഹ്‌ലി വരുത്തിയ നിസാര പിഴവാണ് എന്നാണ് മഞ്ജരേക്കർ പറഞ്ഞത്. കൊഹ്‌ലിയ്‌ക്ക് ഓടാമായിരുന്നു. എന്നാൽ പഠാൻ ഇതിനെ എതിർത്തു. മിഡ് ഓണിലേക്ക് ജയ്‌സ്വാൾ കളിച്ച ഷോട്ടിൽ ബാൾ അതിവേഗമാണ് സഞ്ചരിച്ചതെന്നും അതുകൊണ്ട് നോൺസ്‌ട്രൈക്കർ എൻഡിലെ കൊഹ്‌ലി ഓടിയാൽ അദ്ദേഹവും റൺഔട്ടാകാൻ ഇടയുണ്ടെന്നാണ് ഇ‌ർഫാൻ പഠാൻ പറഞ്ഞത്.

'ബോൾ വളരെ സാവധാനമാണ് പോയത്. അതൊരു റിസ്‌കുള്ള ഓട്ടമായിരുന്നു എന്നാലും കൊഹ്‌ലി റൺഔട്ട് ആകുമെന്ന് എനിക്ക് തോന്നുന്നില്ല. വിരാടിൽ നിന്നുമുണ്ടായത് ഒരു മണ്ടത്തരമാണ്. ജയ്‌സ്വാളിന്റേത് തെറ്റായ തീരുമാനം ആയിരുന്നെങ്കിൽ നോൺ സ്‌ട്രൈക്കർ എൻഡിൽ അയാൾ റൺഔട്ട് ആകുമായിരുന്നു.' എന്നാണ് മഞ്ജരേക്കർ പറഞ്ഞത്.

എന്നാൽ ഇതിനെതിരെ പറഞ്ഞ പഠാൻ തന്റെ അഭിപ്രായം സ്ഥാപിക്കാൻ ബോൾ പോയിന്റ് റീജ്യണിൽ പോയിരുന്നെങ്കിൽ അത് നോൺ സ്‌ട്രൈക്കർക്ക് അനുകൂലമായേനെ എന്ന് പറഞ്ഞു. ഇതോടെ ശരിയായ ഉദാഹരണമല്ല പഠാൻ സൂചിപ്പിക്കുന്നത് എന്ന് മഞ്ജരേക്കർ പറഞ്ഞു. ഇത് ശരിയും തെറ്റുമല്ല എന്റെ അഭിപ്രായമാണ് എന്ന് പഠാൻ മറുപടി നൽകി. ഇതോടെ ഇരുവരും തമ്മിൽ സംസാരിക്കാൻ അനുവദിക്കാത്ത തരത്തിൽ തർക്കമായി. ഒടുവിൽ ഇത് റൺഔട്ടായാലും അല്ലെങ്കിലും ഇർഫാന്റെ അഭിപ്രായം കോച്ചിംഗ് മാനുവലിൽ ചേർക്കേണ്ടതാണെന്ന് മഞ്ജരേക്കർ കമന്റ് ചെയ്‌തു. റൺഔട്ട് സംഭവത്തോടെ ശ്രദ്ധ പോയ കൊഹ്‌ലി ഉടനെ പുറത്തായതും മഞ്‌ജരേക്കർ ചൂണ്ടിക്കാട്ടി.

Kalesh between Irfan and Sanjay Manjrekar 😭 pic.twitter.com/9Ucs6FU3pb

— Pallavi Anand (@PallaviSAnand) December 27, 2024