
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ബോക്സിംഗ് ഡേ പോരാട്ടങ്ങളിൽ പ്രമുഖ ടീമുകളിൽ ജയം നേടാനായത് ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് മാത്രം. ചെൽസിയും യുണൈറ്റഡും ടോട്ടൻഹാമും തോറ്റു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എവർട്ടണിനോട് സമനില വഴങ്ങുകയും ചെയ്‌തിരുന്നു.
പിന്നിൽ നിന്നും തിരിച്ചടിച്ചു
ലെസ്റ്റർ സിറ്റിക്കെതിരെ സ്വന്തം തട്ടകമായ ആൻഫീൽഡിൽ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് മൂന്ന്ഗോളുകൾ തിരിച്ചടിച്ച് ലിവർപൂൾ ക്രിസ്‌മസ് പിറ്റേന്ന് ഗംഭീര ജയം നേടിയത് (3-1). ജോർദാൻ അയൂവിലൂടെ ആറാം മിനിട്ടിൽ തന്നെ ലെസ്റ്റർ മുന്നിലെത്തിയിരുന്നു. എന്നാൽ പതറാതെ കളിച്ച ലിവർപൂൾ ഒന്നാം പകുതിയുടെ അധിക സമയത്ത് കോഡി ഗാക്‌പോ (45+1) നേടിയ ഗോളിലൂടെ സമനില പിടിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 49-ാം മിനിട്ടിൽ കുർട്ടിസ് ജോൺസും 82-ാം മിനിട്ടിൽ മുഹമ്മദ് സലയും നേടിയ ഗോളുകളിലൂടെ ലിവർ ജയമുറപ്പിക്കുകയായിരുന്നു. ആദ്യം ഗോൾ വഴങ്ങിയെങ്കിലും മത്സരത്തിൽ ലിവറിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. ഒന്നാം സ്ഥാനത്തുള്ള ലിവറിന് ഈ ജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 42 പോയിന്റായി. തരം താഴ്‌ത്തൽ ഭീഷണി നേരിടുന്ന 18-ാം സ്ഥാനത്തുള്ള ലെസ്റ്ററിന് 18 മത്സരങ്ങളിൽ നിന്ന് 14 പോയിന്റാണുള്ളത്.
ലീഡെടുത്തിട്ടും തോറ്റു
പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ചെൽസി ഫുൾഹാമിനെതിരെ ലീഡെടുത്തിട്ടും 1-2ന്റെ തോൽവി വഴങ്ങി. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടന്ന പോരാട്ടത്തിൽ 16-ാം മിനിട്ടിൽ കോൾ പാൽമർ ചെൽസിയ മുന്നിലെത്തിച്ചതാണ്. എന്നാൽ അവസാന നിമിഷങ്ങളിൽ ഹാരി വിൽസണും (82-ാം മിനിട്ട്), റോഡ്രിഗോ മുനിസും (90+5) നേടിയ ഗോളുകളിലൂടെ ഫുൾഹാം ജയം തട്ടിയെടുക്കുകയായിരുന്നു. ചെൽസിക്ക് 18 മത്സരങ്ങളിൽ നിന്ന് 35 പോയിന്റും എട്ടാം സ്ഥാനത്തുള്ള ഫുൾഹാമിന് 28 പോയിന്റുമാണുള്ളത്.
യുണൈറ്റഡിനെ ചെന്നായക്കൂട്ടം പിടിച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡിനെ വൂൾവ്സാണ് 2-0ത്തിന് വീഴ്‌ത്തിയത്.47-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ടതിനാൽ പത്ത് പേരായി ചുരുങ്ങിയത് യുണൈറ്റഡിന് തിരിച്ചടിയായി. സീസണിൽ സ്വപ്നക്കുതിപ്പ് നടത്തുന്ന മൂന്നാം സ്ഥാനത്തുള്ള നോട്ടിംഗ് ഹാം ഫോറസ്റ്റ് 1-0ത്തിനാണ് ടോട്ടൻഹാംഹോട്ട്‌സ്പറിനെ തോൽപ്പിച്ചത്. ആന്തണി എലാഗ്‌നയാണ് വിജയ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ അധിക സമയത്ത് ടോട്ടനത്തിന്റെ സ്‌പെൻസ് ചുവപ്പ് കാർഡ് കണ്ടു.