d

ചെന്നൈ: തമിഴ്നാട് അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനി മാനഭംഗത്തിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത
മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാറിനോട് റിപ്പോർട്ട് തേടി. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നലെ ഉച്ചയ്ക്ക് 2.15നകം റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസുമാരായ എസ്.എം സുബ്രഹ്മണ്യം, വി.ലക്ഷ്മിനാരായണൻ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച്‌ ഉത്തരവിട്ടു. സംസ്ഥാനത്തെ ക്രമസമാധാനത്തിലും വിദ്യാർത്ഥികളുടെ സുരക്ഷയിലും ആശങ്ക ഉന്നയിച്ച് അഭിഭാഷകയായ ആർ. വരലക്ഷ്മി കോടതിക്ക് എഴുതിയ കത്തിനെത്തുടർന്നായിരുന്നു ബെഞ്ചിന്റെ നടപടി.
സംഭവത്തെത്തുടർന്ന് ക്യാമ്പസിലും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലും വൻ പ്രതിഷേധമുയരുന്നതിനിടെയാണ് കോടതി ഇടപെടൽ. പിടിയിലായ പ്രതി ജ്ഞാനശേഖരന് ഡി.എം.കെ നേതാക്കളുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചകളുണ്ടായെന്നും പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ അഭിഭാഷക,​ ജുഡിഷ്യൽ ഇടപെടൽ ആവശ്യപ്പെട്ടാണ് കോടതിക്ക് കത്ത് നൽകിയത്.
കേസിൽ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. ആക്രമണത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിവിവരങ്ങളുൾപ്പെടെ പ്രചരിച്ചതിൽ രൂക്ഷ വിമർശനമുന്നയിച്ച കമ്മിഷൻ,​ പെൺകുട്ടിക്ക് സംരക്ഷണമൊരുക്കണമെന്നും സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വ്യക്തി വിവരങ്ങൾ പരസ്യമാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പിയോട് നിർദ്ദേശിക്കുകയും ചെയ്തു.

അണ്ണാ സർവകലാശാല ക്യാമ്പസിൽ 23ന് രാത്രി എട്ടിനാണ് രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിനി മാനഭംഗത്തിനിരയായത്. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്യുകയായിരുന്നു. ക്യാമ്പസ് പരിസരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.