
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2വും വൻ ഹിറ്റായിരുന്നു. ഇനി ദൃശ്യം 3നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ദൃശ്യം മൂന്നിനെക്കുറിച്ച് നായകൻ മോഹൻലാൽ നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചായായിക്കൊണ്ടിരിക്കുന്നത്.
ഒരു അഭിമുഖത്തിലാണ് ജനങ്ങൾ ദൃശ്യം മൂന്നിനെക്കുറിച്ച് ചോദിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞത്. അത് വലിയ ഒരു ഉത്തരവാദിത്തമാണ്. സാധാരണയായി നമ്മൾ ഒരു പുതിയ സിനിമ ചെയ്യുന്നതുപോലെ അല്ല. സീക്വലിന് വീണ്ടും തുടർച്ച എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ആൾക്കാർ ഒന്നാം ഭാഗവുമായി രണ്ടാം ഭാഗത്തെ താരതമ്യം ചെയ്യും. ഇപ്പോൾ ദൃശ്യം മൂന്നും വിജയിച്ചുവെന്ന് പറഞ്ഞാൽ, ആൾക്കാർ അപ്പോൾ വീണ്ടും താരതമ്യം ചെയ്യും. എന്തായാലും ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിനായി എല്ലാവരും ശ്രമിക്കുകയാണെന്നും മോഹൻലാൽ വ്യക്തമാക്കി.
ജിത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ദൃശ്യം. ജോർജുകുട്ടിയായ മോഹൻലാലിന് പുറമേ ദൃശ്യം സിനിമയിൽ മീന, അൻസിബ ഹസൻ, എസ്‌തർ അനിൽ, ആശാ ശരത്, ഇർഷാദ്, റോഷൻ ബഷീർ, അനീഷ് ജി മേനോൻ, കുഞ്ചൻ, കോഴിക്കോട് നാരായണൻ നായർ, പി ശ്രീകുമാർ, ശോഭ മോഹൻ, കലാഭവൻ റഹ്‌മാൻ, കലാഭവൻ ഹനീഫ്, ബാലാജി ശർമ, സോണി ജി സോളമൻ, പ്രദീപ് ചന്ദ്രൻ, അരുൺ എസ് , ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വേഷമിട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഇതിൽ ഭൂരിഭാഗംപേരും ഉണ്ടായിരുന്നു. വിനു തോമസാണ് ചിത്രത്തിൽ സംഗീതം പകർന്നത്. അനിൽ ജോൺസണാണ് പശ്ചാത്തല സംഗീതം. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിർമാണം ആശിർവാദ് സിനിമാസ് ആണ്.