suz

ന്യൂഡൽഹി: ജനപ്രിയ ചെറുകാർ മാരുതി 800 ഇന്ത്യയിൽ അവതരിപ്പിച്ച ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിന് 94 വയസായിരുന്നു. നാല് പതിറ്റാണ്ടിലേറെ സുസുക്കിയുടെ നേതൃസ്ഥാനം വഹിച്ച ഒസാമു സുസുക്കി ഹമാമസ്തു ആസ്ഥാനമായ വാഹനകമ്പനിയെ അമേരിക്ക, യൂറോപ്പ് എന്നീ വിപണികളിലടക്കം അവതരിപ്പിച്ച് ആഗോള ബ്രാൻഡാക്കുന്നതിന് നേതൃത്വം നൽകി.

ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ച അദ്ദേഹം ജപ്പാനിലെ ജനപ്രിയ ചെറുകാറായ സുസുക്കി ഓൾട്ടോയാണ് മാരുതി 800 എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിച്ചത്.

ജപ്പാനിലെ ഗിഫുവിൽ 1930 ജനുവരി 30ന് ജനിച്ച ഒസാമു മറ്റ്സുഡ കമ്പനി സ്ഥാപകരായ സുസുക്കി കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ചതിന് ശേഷമാണ് പേര് മാറ്റിയത്. മുൻ ബാങ്കുദ്യോഗസ്ഥനായ ഒസാമു 1958ലാണ് സുസുക്കി മോട്ടോർകോർപ്പറേഷനിൽ ജോലിയിൽ പ്രവേശിക്കുന്നത്. സാധാരണ ജീവനക്കാരനായി തുടങ്ങിയ അദ്ദേഹം പടിപടിയായി ഉയർന്ന് 1979ൽ കമ്പനിയുടെ പ്രസിഡന്റായി. തൊട്ടടുത്ത വർഷം ചെറുകാറായ ആൾട്ടോ അവതരിപ്പിച്ചാണ് വിപണിയിൽ വിപ്ളവം സൃഷ്‌ടിച്ചത്. ജനറൽ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗൺ എന്നിവരുമായി കൈകോർത്ത് യൂറോപ്പ്, നോർത്ത് അമേരിക്ക എന്നീ വിപണികളിലേക്ക് വിപണി വികസിപ്പിച്ചു. രണ്ട് തവണയായി 28 വർഷം സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പ്രസിഡന്റ് പദവി വഹിച്ചു. 2015ൽ പ്രസിഡന്റ് പദവി മകൻ തോഷിഹിരോയ്ക്ക് കൈമാറി ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 2021ലാണ് ചെയർമാൻ സ്ഥാനത്തുനിന്ന് വിരമിച്ചത്.

ഇന്ത്യൻ കാർ വിപണിയിലെ വിപ്ളവനക്ഷത്രം

വളർച്ചയ്ക്ക് സാദ്ധ്യതയേറെയുള്ള ഇന്ത്യയിലെ കാർ നിർമ്മാണ മേഖലയിൽ നിക്ഷേപിക്കാനുള്ള തീരുമാനമാണ് ഒസാമു സുസുക്കിയുടെ ഏറ്റവും ധീരമായ ചുവടുവയ്പ്പ്. 1982ലാണ് കേന്ദ്ര സർക്കാരുമായി ചേർന്ന് സുസുക്കി മാരുതി ഉദ്യോഗ് സ്ഥാപിക്കാൻ കൈകോർക്കുന്നത്. തൊട്ടടുത്ത വർഷം ഇടത്തരക്കാർക്ക് താങ്ങാവുന്ന വിലയിൽ വിപണിയിൽ വിപ്ളവം സൃഷ്‌ടിച്ച മാരുതി 800 വിപണിയിലെത്തി. നിലവിൽ മാരുതി സുസുക്കിക്ക് ഇന്ത്യയിൽ 40 ശതമാനം വിപണി വിഹിതമുണ്ട്.