
ലാഹോർ: പാക് ഭീകരനും 2008ലെ മുംബയ് ഭീകരാക്രമണത്തിലെ സൂത്രധാരന്മാരിൽ ഒരാളുമായ ഹാഫിസ് അബ്‌ദുൾ റഹ്മാൻ മക്കി ( 70 ) മരിച്ചെന്ന് റിപ്പോർട്ട്. ഹൃദയാഘാതം മൂലം ഇന്നലെ ലാഹോറിലെ ആശുപത്രിയിലായിരുന്നു മരണം. പ്രമേഹ ബാധിതനായിരുന്ന ഇയാൾ ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ത്യയെ ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങളുമായി ഇയാൾ സജീവമായിരുന്നു. 2008 നവംബർ 26ന് 26 വിദേശികൾ ഉൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് മക്കി. ഭീകരാക്രമണത്തിന്റെ ആസൂത്രകനും ലഷ്‌കറെ ത്വയ്ബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനാണ് ഇയാൾ.
 ഇന്ത്യയുടെ നോട്ടപ്പുള്ളി
 നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ ഉപതലവൻ
 2000 ഡിസംബർ 22ലെ ചെങ്കോട്ട ആക്രമണത്തിലും പങ്ക്
 ലഷ്‌കറെ ത്വയ്ബയിലെ ഉന്നത പദവികൾ വഹിച്ചു
 2023 ജനുവരിയിൽ യു.എൻ രക്ഷാസമിതി ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തി
 മക്കിയെ യു.എസും ഇന്ത്യയും ഭീകരനായി പ്രഖ്യാപിച്ചിരുന്നു
 ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് യു.എസ് 20 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു
 ഭീകരർക്ക് ധനസഹായം നൽകിയതിന് 2020ൽ പാക് കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വിധിച്ചെങ്കിലും പിഴയായി ചുരുക്കി