
കൊച്ചി: വർഷാന്ത്യത്തിൽ ഡോളർ ആവശ്യം കൂടിയതും അവധി വ്യാപാരത്തിലെ ചലനങ്ങളും ഇന്ത്യൻ രൂപയിൽ ഇന്നലെ കനത്ത തകർച്ച സൃഷ്ടിച്ചു. ഏഴ് മാസത്തിനിടെയിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്. ആഗോള വിപണിയിലെ ചലനങ്ങളിൽ പരിഭ്രാന്തരായ ഇറക്കുമതിക്കാർ വൻതോതിൽ ഡോളർ വാങ്ങികൂട്ടിയതും രൂപയ്ക്ക് തിരിച്ചടിയായി. ഇന്നലെ ഒരവസരത്തിൽ രൂപയുടെ മൂല്യം 85.80 വരെ താഴ്ന്നിരുന്നു. എന്നാൽ പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ ഡോളർ വിറ്റഴിച്ചതോടെ രൂപയുടെ മൂല്യം മെച്ചപ്പെട്ടു. വ്യാപാരം അവസാനിച്ചപ്പോൾ രൂപ 33 പൈസയുടെ നഷ്‌ടവുമായി 85.53ൽ എത്തി. നടപ്പുവർഷം രൂപയുടെ മൂല്യത്തിൽ മൂന്ന് ശതമാനം ഇടിവാണുണ്ടായത്. തുടർച്ചയായ ഒൻപതാം ദിവസമാണ് റെക്കാഡ് പുതുക്കി രൂപ താഴേക്ക് നീങ്ങുന്നത്.
ഇന്ത്യയുടെ സാമ്പത്തിക തളർച്ചയും വ്യാപാര കമ്മിയിലെ വർദ്ധനയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് രൂപയെ സമ്മർദ്ദത്തിലാക്കുന്നത്. നടപ്പുവർഷം തന്നെ രൂപയുടെ മൂല്യം 86 കടന്ന് താഴുമെന്ന് അനലിസ്‌റ്റുകൾ പറയുന്നു.
വിദേശ നാണയ ശേഖരവും ഇടിയുന്നു
ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഏഴ് മാസത്തെ കുറഞ്ഞ തലമായ 64,439 കോടി ഡോളറിലെത്തി. തുടർച്ചയായ മൂന്നാം വാരമാണ് വിദേശ ശേഖരം ഇടിയുന്നത്. ഡിസംബർ 20ന് അവസാനിച്ച ആഴ്ചയിൽ ശേഖരത്തിൽ 850 കോടി ഡോളറിന്റെ കുറവുണ്ടായി. രൂപയുടെ മൂല്യയിടിവ് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതാണ് വിദേശ നാണയ ശേഖരത്തിൽ ഇടിവുണ്ടാക്കുന്നത്.
കറന്റ് അക്കൗണ്ട് കമ്മി 1,120 കോടി ഡോളറായി മെച്ചപ്പെട്ടു