
വാഷിംഗ്ടൺ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യ - യു.എസ് പങ്കാളിത്തത്തിന്റെ പുരോഗതി വിലയിരുത്തിയ ഇരുവരും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണയായി. റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപ് ജനുവരി 20ന് പുതിയ യു.എസ് പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെയാണ് ജയശങ്കറിന്റെ നിർണായക കൂടിക്കാഴ്ച. ആറ് ദിവസത്തെ ഔദ്യോഗിക യു.എസ് സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് അദ്ദേഹം യു.എസിലെത്തിയത്. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സാങ്കേതിക വിദ്യ, വ്യാപാരം, നിക്ഷേപം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ-യു.എസ് പങ്കാളിത്തം ആഴത്തിലാക്കാനുള്ള അവസരങ്ങൾ ഇന്ത്യൻ നയതന്ത്രജ്ഞരുമായി ജയശങ്കർ ചർച്ച ചെയ്തു. യു.എസിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വത്രയും ന്യൂയോർക്ക്, ഷിക്കാഗോ, സാൻഫ്രാൻസിസ്കോ, സിയാറ്റിൽ, ഹൂസ്റ്റൺ, അറ്റ്‌ലാൻഡ എന്നിവിടങ്ങളിലെ കോൺസുൽ ജനറൽമാരും ചർച്ചയിൽ പങ്കെടുത്തു. ക്വാഡ്, യു.എൻ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്‌തംബറിൽ യു.എസ് സന്ദർശിച്ചിരുന്നു.