p

മലപ്പുറം: ഖാദി ബോർഡിന് കീഴിലെ നൂൽ നൂല്പ്,​ നെയ്ത്ത് കേന്ദ്രങ്ങളിലെ 14,000ത്തോളം തൊഴിലാളികൾക്ക് ഒരുവർഷമായി സംസ്ഥാന സർക്കാരിന്റെ വേതന വിഹിതം ലഭിക്കുന്നില്ല. ജനുവരി മുതൽ നവംബർ വരെ വേതന ഇനത്തിൽ 20.94 കോടി രൂപ കുടിശ്ശികയുണ്ട്. ഖാദി ബോർഡും സർക്കാരും സംയുക്തമായാണ് തൊഴിലാളികൾക്ക് വേതനം നൽകേണ്ടത്. ഖാദി ബോർഡിന്റെ വിഹിതം എല്ലാ മാസവും കൃത്യമായി ലഭിക്കുന്നുണ്ട്. നെയ്ത തുണിയുടെയും നിർമ്മിച്ച നൂലിന്റെയും അളവ് അടിസ്ഥാനമാക്കിയാണ് വേതനം നിശ്ചയിക്കുന്നത്.

1,000 മീറ്റർ ദോത്തി നെയ്‌തെടുത്താൽ 53.40 രൂപ ഖാദി ബോർഡും 62.45 രൂപ സർക്കാരും വേതന വിഹിതമായി നൽകും. 1,000 മീറ്റർ നൂൽ നിർമ്മിച്ചാൽ നൂൽ നൂൽപ്പ് തൊഴിലാളികൾക്ക് 14.90 രൂപ ഖാദി ബോർഡും 2.4 രൂപ സർക്കാരും നൽകേണ്ടത്. കുറഞ്ഞ വേതനം മൂലം നൂൽ നൂല്പ്,​ നെയ്ത്ത് രംഗങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ലക്ഷ്യമിട്ട് 2011 മുതലാണ് സംസ്ഥാന സർക്കാർ തൊഴിലാളികൾക്ക് വേതന വിഹിതം നൽകി തുടങ്ങിയത്.


കിട്ടാനില്ല അസംസ്കൃത വസ്തുക്കൾ


നൂല് നൂൽപ്പ് തൊഴിലാളികൾ ഒരുദിവസം ചുരിങ്ങിയത് 24,000 മീറ്റർ നൂല് നിർമ്മിക്കേണ്ടതുണ്ട്. നെയ്ത്ത് തൊഴിലാളികൾ അഞ്ച് മീറ്ററെങ്കിലും നെയ്‌തെടുക്കണം. ഇങ്ങനെ എങ്കിലേ മാസം 11,​000 രൂപയെങ്കിലും ലഭിക്കൂ. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം മിക്ക മാസങ്ങളിലും ഈ തുക ലഭിക്കാറില്ലെന്ന് തൊഴിലാളികൾ പറയുന്നു. സംസ്ഥാനത്ത് 232 നൂൽ നൂൽപ്പ് കേന്ദ്രങ്ങളും 154 നെയ്ത്ത് കേന്ദ്രങ്ങളുമാണുള്ളത്. 85 ശതമാനത്തോളം സ്ത്രീ തൊഴിലാളികളാണ്. കൃത്യമായ വരുമാനം ലഭിക്കാത്തതിനാൽ പുരുഷന്മാർ ഈ മേഖലയിൽ തീരെ കുറവാണ്.