
കോട്ടയം: വേനൽ ശക്തമായതോടെ വേമ്പനാട്ട് കായലിലെ ജലനിരപ്പ് മുമ്പൊരിക്കലുമുണ്ടാകാത്ത അളവിൽ താഴ്ന്നു. പലയിടത്തും മൺതിട്ടകൾ തെളിഞ്ഞത് ജലഗതാഗതത്തേയും ബാധിച്ചു. സമീപ ആറുകളിലും തോടുകളിലും ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി. ജലനിരപ്പ് താഴുന്നത് വേലിയേറ്റത്തിൽ ഉപ്പിന്റെ അംശം കൂടാനിടയാക്കും. ഇത് കുടിവെള്ള പദ്ധതികളെയും ദോഷകരമായി ബാധിക്കും.
തണ്ണീർമുക്കം, ആലപ്പുഴ, കുമരകം മേഖലകളിൽ കായലിന്റെ ആഴം ഒമ്പത് മീറ്ററായിരുന്നു. ഇപ്പോഴത് 4.5 വരെയായി. കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞ എക്കൽ നീക്കം ചെയ്യാത്തതാണ് കായലിന്റെ ആഴപ്പരപ്പ് കുറയാൻ കാരണം. ഡ്രഡ്ജിംഗ് നടത്തി കായലിന്റെ ആഴം കൂട്ടണമെന്ന ആവശ്യം ശക്തമാണ്. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുമ്പോഴും വേമ്പനാട്ട് കായലിന്റെ നിർഗമന മാർഗങ്ങളിൽ വെള്ളം എത്തുന്നില്ല.
കൈയേറ്റവും മാലിന്യവും കാർന്നു തിന്നുന്ന വേമ്പനാട് കായലിനെ കരുതലോടെ കാത്തില്ലെങ്കിൽ വിദൂരഭാവിയിൽ കായൽ ഓർമ്മ മാത്രമാകുമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1240 ഓളം കുടുംബങ്ങളിലടക്കം പ്രാഥമിക സർവേ നടത്തി മൂന്നര വർഷമെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇത്രയും സമഗ്രവും ആധികാരികവുമായ റിപ്പോർട്ട് വേമ്പനാട്ടു കായലിനെക്കുറിച്ച് ഉണ്ടായിട്ടുണ്ടാകില്ല.
ഈ റിപ്പോർട്ട് ഭാവിയിലേക്കുള്ള ഒരു മുന്നറിയിപ്പാണെന്നും പ്രകൃതിയെ അതിന്റെ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ ജീവജലം പോലും അപ്രാപ്യമാകുമെന്നതിന്റെ സൂചനയാണെന്നും കമ്മിഷൻ ചെയർമാൻ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു.
12 ക്യുബിക് കിലോമീറ്ററോളം കായൽ കൈയേറി എന്നതടക്കം റിപ്പോർട്ടിലുണ്ട്. വിസ്തൃതി 40 ശതമാനത്തോളം കുറഞ്ഞു. രണ്ടായിരത്തിന് ശേഷം കൈയേറ്റം ക്രമാതീതമായി വർദ്ധിച്ചു. മത്സ്യസമ്പത്തിൽ വൻ കുറവുണ്ടായി എന്നും കണ്ടെത്തിയിരുന്നു.
പ്രത്യേക അതോറിറ്റി വേണം
കായൽ സംരക്ഷണത്തിന് ജനപങ്കാളിത്തത്തോടെ പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കമ്മിഷൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കായലിന്റെ പരിസ്ഥിതി പുന:സ്ഥാപനത്തിന് ദശവത്സര പദ്ധതി സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കണം. നിയമവിരുദ്ധ കൈയേറ്റങ്ങളടക്കം കണ്ടെത്തി നടപടിയെടുക്കണം. കായലിലെ ജലം, ജൈവ വൈവിദ്ധ്യം എന്നിവയിലുള്ള സാമൂഹ്യനിയന്ത്രണം ഉറപ്പുവരുത്തണം.
(തുടരും)