travel

തിരുവനന്തപുരം: ദൂരെ സ്ഥലങ്ങളില്‍ നിന്ന് ക്രിസ്മസ് അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയവര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി. ആഘോഷങ്ങള്‍ക്ക് ശേഷം തിരികെ ജോലി സ്ഥലങ്ങളിലേക്കും പഠന കേന്ദ്രങ്ങളിലേക്കും മടങ്ങാന്‍ ടിക്കറ്റില്ലാതെ വലയുകയാണ് നല്ലൊരു വിഭാഗം. വാരാന്ത്യത്തില്‍ ട്രെയിന്‍, ബസ് തുടങ്ങിയ സ്ഥിരം മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മൈസൂര്‍, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ യാത്രക്കാരുള്ളത്.

ട്രെയിനുകളില്‍ ടിക്കറ്റുകള്‍ വളരെ നേരത്തെ തന്നെ വിറ്റു തീര്‍ന്നിരുന്നു. ബസുകളിലും സ്ഥിതി സമാനമാണ്. തത്കാല്‍ ടിക്കറ്റുകളെ ആശ്രയിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ട്. തത്കാല്‍ ടിക്കറ്റുകളുടെ വില്‍പ്പന തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ അതും വെയ്റ്റിംഗ് ലിസ്റ്റ് ആകുകയാണ്. പ്രീമിയം തത്കാല്‍ ആണെങ്കില്‍ വിമാനത്തിന് സമാനമായ നിരക്കാണ്. സ്വകാര്യ ബസ് സര്‍വീസുകളിലും ഉയര്‍ന്ന നിരക്കാണ് അവസരം മുതലാക്കി ഓപ്പറേറ്റര്‍മാര്‍ ഈടാക്കുന്നത്.

ദൂരെ സ്ഥലങ്ങളിലേക്കെന്നപോലെ തന്നെയാണ് സംസ്ഥാനത്തിന് അകത്തുള്ള യാത്രകളുടേയും സ്ഥിതി. തിരുവനന്തപുരത്ത് നിന്ന് മലബാര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ഒന്നിലും ടിക്കറ്റ് ലഭ്യമല്ല. അടുത്തയാഴ്ച പുതുവത്സര അവധി കൂടി വരാനിരിക്കെ തിരക്കും ടിക്കറ്റ് നിരക്കും ഇനിയും കൂടുമെന്ന ആശങ്കയും ഉണ്ട് യാത്രക്കാര്‍ക്ക്. ചില റൂട്ടുകളിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം അതിലും കൂടുതലായതിനാല്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ല.

മുമ്പ് ടിക്കറ്റ് ബുക്കിംഗിന് 120 ദിവസം മുമ്പ് അവസരമുണ്ടായിരുന്നത് ഇപ്പോള്‍ 60 ദിവസത്തെ സമയം മാത്രമാണ് മുന്‍കൂട്ടി നല്‍കുന്നത്. ഇതും ടിക്കറ്റ് ലഭ്യത കുറയാനുള്ള കാരണമായി. കേരളത്തിലേക്ക് വന്നാല്‍ പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്ന ആഴ്ചയില്‍ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്.